നെടുങ്കണ്ടം:
തുടര്‍ച്ചയായി വെള്ളംകയറുന്ന കല്ലാര്‍ പുഴയുടെ തീരത്ത് കെ എസ് ഇ ബിയുടെ മിനി വൈദ്യുതി ഭവന് നിര്‍മാണത്തിനെതിരെ വ്യാപക പ്രതിഷേധം. വെള്ളം ഉയരുന്നതിനുള്ള സാധ്യത പരിഗണിക്കാതെയാണ് 2.20 കോടി ചെലവിൽ വൈദ്യുതി ഭവന് നിര്‍മിക്കുന്നത്. കല്ലാര്‍ ഡാമിൻറെ വൃഷ്ടി പ്രദേശത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ആഴ്ചക്കിടെ രണ്ടുതവണയാണ് കല്ലാര്‍ ഡാമിൻറെ ഷട്ടർ ഉയര്‍ത്തിയത്. ഇടുക്കി പദ്ധതിയുടെ ഡൈവേര്ഷന് ഡാമാണ് കല്ലാര്‍. ഏതാനും മണിക്കൂറുകള്‍ തുടര്‍ച്ചയായി ശക്തമായ മഴപെയ്താല്‍ അണക്കെട്ട് നിറയുകയും ഡാമിൻറെ വൃഷ്ടിപ്രദേശത്തും പുഴയോരത്തോട് ചേര്‍ന്ന വീടുകളിലും വെള്ളംകയറുകയും ചെയ്യും.
ജണ്ടയോട് ചേര്‍ന്ന് പുഴയില്‍നിന്ന് അധികം ദൂരത്തില്‍ അല്ലാതെയാണ് നിര്‍മാണം.രണ്ട് ആഴ്ചക്കിടെ രണ്ടുതവണ ഡാമില്‍ വെള്ളം ഉയരുകയും നിര്‍മാണം നടക്കുന്ന പ്രദേശങ്ങളില്‍ കല്‍ക്കെട്ട് അടക്കം വെള്ളത്തിൽ മുങ്ങുകയും കോണ്‍ക്രീറ്റിങ് ഒലിച്ചുപോവുകയും ചെയ്തു.നെടുങ്കണ്ടത്തും കല്ലാറിലുമായി ചിതറിക്കിടക്കുന്ന വൈദ്യുതി വകുപ്പിൻറെ ഓഫിസുകൾ ഒരുകുടക്കീഴിലാക്കുകയാണ് മിനി വൈദ്യുതി ഭവൻറെ ലക്ഷ്യം.
കല്ലാര്‍ ഡാമിന് സമീപം വൈദ്യുതി വകുപ്പിൻറെ സ്ഥലത്താണ് മൂന്ന് നിലകളിലായി 2625 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ വൈദ്യുതി ഭവന് നിര്‍മിക്കുന്നത്. കെ എസ്ഇബിക്ക് പ്രദേശത്ത് അനുയോജ്യമായ മറ്റ് സ്ഥലം ഉള്ളപ്പോഴാണ് വൃഷ്ടിപ്രദേശത്തെ നിര്‍മാണമെന്നും ആക്ഷേപമുണ്ട്.