ബീജിങ്:
ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) ആറാം പ്ലീനം ബീജിങ്ങിൽ തുടങ്ങി. ജനറൽ സെക്രട്ടറി ഷി ജിൻപിങ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നാലുദിവസം നീളുന്ന പ്ലീനത്തിൽ ചർച്ച ചെയ്യാനുള്ള കരട് പ്രമേയം വിശദീകരിച്ചു.
100 വർഷത്തെ ചരിത്രത്തിൽ പാർടിയുടെ നേതൃത്വത്തിൽ നടത്തിയ അവകാശ പോരാട്ടങ്ങളും നേടിയെടുത്ത വിജയങ്ങളും പുതിയ കാലഘട്ടത്തിനായി ചൈനീസ് സമൂഹത്തെ തയ്യാറാക്കാനായി ഏറ്റെടുക്കാൻ പോകുന്ന നടപടികളുമാണ് കരട് പ്രമേയത്തിലുള്ളത്. പാർടി കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോയാണ് കരട് പ്രമേയം തയ്യാറാക്കിയത്.
മൗ സെ ദൊങ്, ഡെങ് സിയാവോപിങ്, ജിയാങ് സെമിൻ, ഹു ജിന്താവോ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർടിയും ചൈനീസ് ജനതയൊന്നാകെയും നടത്തിയ മുന്നേറ്റം കരട് പ്രമേയത്തിൽ വിവരിക്കുന്നു. 2012ലെ 18–-ാം പാർടി കോൺഗ്രസിനുശേഷം ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ ചൈന അന്താരാഷ്ട്രതലത്തിലെ സാന്നിധ്യം ശക്തമാക്കി.
ചൈനയുടെ പുനരുജ്ജീവനം ചരിത്രപരമായ അനിവാര്യതയായിരുന്നെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.പാർടി നേതാക്കളുടെയും പാർടിക്ക് പുറത്തുനിന്നുള്ളവരുടെയും അഭിപ്രായം പരിഗണിച്ചാണ് പുതിയ ചൈനയെ രൂപപ്പെടുത്താനുള്ള പ്രമേയം തയ്യാറാക്കിയത്. വ്യവസായ പ്രമുഖർ, മറ്റു രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ അഭിപ്രായം സമാഹരിക്കാനായി ഷി ജിൻപിങ് പ്രത്യേക സിമ്പോസിയം നടത്തി. പ്ലീനത്തിൽ 400 പ്രതിനിധികൾ പങ്കെടുക്കുന്നു.