Mon. Dec 23rd, 2024
ലണ്ടന്‍:

ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരവും. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തി. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

കൊവാക്സീന്‍ എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നൽകുവെന്നായിരുന്നു ബ്രിട്ടന്‍റെ മുന്‍ നിലപാട്. ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നൽകിയ സാഹചര്യത്തില്‍ അമേരിക്കയും പ്രവേശനാനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. പിന്നീട് ചേർന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്‍ധസമിതി പരീക്ഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ഈ മാസം ലഭിച്ചത്.