ന്യൂഡൽഹി:
രാജ്യത്ത് പോഷകാഹാരക്കുറവുള്ള 33 ലക്ഷത്തിലധികം കുട്ടികൾ. ഇതിൽ പകുതിപേർ അതിഗുരുതര പോഷകാഹാരക്കുറവ് നേരിടുന്നു. മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. കൊവിഡ് മഹാമാരിയാണ് ആരോഗ്യ, പോഷകാഹാര പ്രതിസന്ധി വർധിപ്പിച്ചത്. വിവരാവകാശ അപേക്ഷയിൽ കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ.
ഈ വർഷം ഒക്ടോബർ 14 വരെയുള്ള കണക്കനുസരിച്ച് 17.76 ലക്ഷം കുട്ടികൾ അതിഗുരുതരവും 15.46 ലക്ഷം പേർ ഗുരുതരവുമായ പോഷകാഹാര പ്രശ്നം നേരിടുന്നു. കണക്ക് കഴിഞ്ഞവർഷം വികസിപ്പിച്ച പോഷൻ ട്രാക്കർ ആപിൽ ഉൾപ്പെടുത്തിയതായും വാർത്ത ഏജൻസിയായ പി ടി ഐ ക്ക് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
ആറുമാസം മുതൽ ആറുവയസ്സ് വരെയുള്ളവരാണ് അതിഗുരുതര പട്ടികയിലുള്ളത്. 2011ലെ സെൻസസ് പ്രകാരം രാജ്യത്ത് ആകെയുള്ളത് 46 കോടി കുട്ടികളാണ്. ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 6.16 ലക്ഷം, ബിഹാറിൽ 4.75 ലക്ഷം, ഗുജറാത്തിൽ 3.20 ലക്ഷം കുട്ടികളാണ് പോഷകക്കുറവ് നേരിടുന്നത്.