കൊടുവള്ളി:
നിർദിഷ്ട സിറാജ് മേൽപാലം തുരങ്കം റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് കൊടുവള്ളി വ്യാപാരഭവനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി, ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ, സിറാജ് ഫ്ലൈഓവർ ആക്ഷൻ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. വ്യാപാരികൾ, കെട്ടിട ഉടമകൾ, ഭൂഉടമകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ പങ്കെടുത്തു. പദ്ധതി സംബന്ധിച്ച് വ്യാപാരികൾക്കും നാട്ടുകാർക്കും അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ വിദഗ്ധ സമിതി പഠനം നടത്തി ആശങ്കകൾ പരിഹരിച്ച് നടപ്പാക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠനവും പരിസ്ഥിതി ആഘാത പഠനവും കുറ്റമറ്റ രീതിയിൽ നടത്തി ഇരകൾക്കും കൊടുവള്ളിയിലെ പൊതുസമൂഹത്തിനും ബോധ്യപ്പെടുത്തിയതിനുശേഷമാവണം പദ്ധതി നടപ്പാക്കേണ്ടതെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. സിറാജ് മേൽപാലം ആക്ഷൻ കമ്മിറ്റി ചെയർമാൻ പ്രൊഫ ഒ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി ടി മൊയ്ദീൻകുട്ടി മോഡറേറ്ററായി.
എ കെ ജി എസ്എം എ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പദ്ധതി വിശകലനം നടത്തി. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധാനം ചെയ്ത് വി കെ അബ്ദുഹാജി, സി പി അബ്ദുറസാഖ്, കെ ശറഫുദ്ദീൻ, എം പി അബ്ദുറഹ്മാൻ, ഒ പി റഷീദ്, പി ടി സദാശിവൻ, പി പി സിദ്ദീഖ്, കോതൂർ മുഹമ്മദ്, വി സിയ്യാലി ഹാജി, പിടി ഉസൈൻകുട്ടി എന്നിവർ സംസാരിച്ചു. കെ വി വി ഇ എസ് കൊടുവള്ളി യൂനിറ്റ് പ്രസിഡൻറ് പി ടി എ ലത്തീഫ് സ്വാഗതവും ആക്ഷൻ കമ്മിറ്റി കൺവീനർ റഷീദ് നന്ദിയും പറഞ്ഞു.