Fri. May 3rd, 2024
ആലപ്പുഴ:

സർക്കാർ സഹായം ലഭിച്ചിട്ടും വീടുവയ്ക്കാൻ കഴിയാതെ വലയുകയാണ് ആലപ്പുഴ പല്ലനയിലെ ഒരു പട്ടികജാതി കുടുംബം. പഞ്ചായത്ത് റോഡുവഴി സാധനസാമഗ്രികൾ കൊണ്ടുപോകുന്നത് അയൽവാസികൾ തടയുന്നു എന്നാണ് പരാതി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ചിത്രയും കുടുംബവും കഴിഞ്ഞ 14 വർഷമായി വാടകവീടുകളിലായിരുന്നു താമസം. പട്ടികജാതി വിഭാഗത്തിന്‍റെ പുനരധിവാസ പാക്കേജിലൂടെ കഴിഞ്ഞവർഷമാണ് വീടുവെക്കാൻ അഞ്ചു സെന്‍റ് സ്ഥലം കിട്ടിയത്. ലൈഫ് പദ്ധതി പ്രകാരം സഹായം കിട്ടിയതോടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ഇവർ.

എന്നാൽ സഹായം കിട്ടി എട്ടുമാസം പിന്നിട്ടിട്ടും തറക്കല്ല് പോലും ഇടാൻ കഴിഞ്ഞിട്ടില്ല.പക്ഷാഘാതം വന്ന് തളർന്നുകിടപ്പിലായ ഭർത്താവിനും 2 മക്കൾക്കുമൊപ്പം ഷീറ്റുപയോഗിച്ച് നിർമിച്ച ഷെഡിലാണ് താമസം. മഴ പെയ്താൽ ഇവിടെ താമസിക്കുക ദുഷ്കരം.

റോഡ് കയ്യേറിയുള്ള നിർമാണത്തിന് പഞ്ചായത്ത് നോട്ടീസ് നൽകിയതാണ് വഴിത്തർക്കത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി ജി പിക്കും ചിത്ര പരാതി നൽകി. അനുകൂല നടപടിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.