Mon. Dec 23rd, 2024
കൊണ്ടോട്ടി:

പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രചാരണ സമയത്തു നാട്ടുകാർക്കു നൽകിയ വാക്ക് വാക്കാണ്. തെറ്റൻ സുൽഫിക്കർ ബാബു‍, കോളനിയിലേക്കു റോഡിനായി വിട്ടുനൽകിയതു ലക്ഷങ്ങൾ വിലയുള്ള ഭൂമി. കാൽനട യാത്രയ്ക്കുപോലും സ്വന്തമായി സ്ഥലമില്ലാത്ത, മുണ്ടക്കുളം ചേരുംകുഴി കോളനി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

മുതുവല്ലൂർ പഞ്ചായത്ത് പതിനഞ്ചാം വാർ‍ഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു സുൽഫിക്കർ ബാബു. ചേരുംകുഴി കോളനിയിലെ വീട്ടുകാർക്കും ക്ഷേത്രത്തിലേക്കും വഴിയുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പറമ്പിലൂടെയാണ് ആളുകൾ നടന്നിരുന്നത്.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, കോളനിനിവാസികളുടെ പ്രയാസം പരിഹരിക്കാൻ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകാൻ സുൽഫിക്കർ ബാബു തീരുമാനിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു താൽക്കാലികമായി റോഡ് വെട്ടി.മൂന്നു മീറ്റർ വീതിയിൽ ഏകദേശം 100 മീറ്റർ സ്ഥലം റോഡിനായി വിട്ടുനൽകി. അളന്നു തിട്ടപ്പെടുത്തി സ്ഥലം പഞ്ചായത്തിനു കൈമാറുമെന്ന് പഞ്ചായത്ത് അംഗം മുജീബ് പാണാളി പറഞ്ഞു. സ്ഥലം വിട്ടുനൽകിയ സുൽഫിക്കർ ബാബുവിനെ നാട്ടുകാർ അഭിനന്ദിച്ചു.