Thu. Jan 23rd, 2025
കാസർകോട്:

നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പള്ളം തോട് കണ്ടൽക്കാടിൽ നിന്നു കാസർകോട് നഗരസഭയുടെയും ഗ്രീൻ വേംസിന്റെയും നേതൃത്വത്തിൽ 5 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കി. ശുചീകരണ യജ്ഞം വഴി ശേഖരിച്ച മാലിന്യം ഗ്രീൻ വേംസ് കയറ്റിക്കൊണ്ടുപോയി. അവ ഇനി തരം തിരിച്ചു ശാസ്ത്രീയമായി സംസ്കരിക്കും.

ശുചീകരണ പരിപാടി എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ വി എം മുനീർ അധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സിയാന ഹനീഫ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അബ്ബാസ് ബീഗം, വാർഡ് കൗൺസിലർ രജനി, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ സുബ്രഹ്മണ്യൻ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ലക്ഷ്മി, നഗരസഭ സെക്രട്ടറി ബിജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ രൂപേഷ്, സുധീർ, ശ്രീജിത്ത്, വീ കാൻ സെക്രട്ടറി വിദ്യാധരൻ, ഗ്രീൻ വേംസ് പ്രോജക്ട് ഹെഡ് ശ്രീരാഗ് കുറുവാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

നഗരസഭ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, നെഹ്റു യുവ കേന്ദ്ര വൊളന്റിയർമാർ, യുവജന സംഘടനകൾ, സന്നദ്ധസംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, പെരിയ എസ്എൻ കോളജിലെ എൻഎസ്എസ് വൊളന്റിയർമാർ, പൊതുജനങ്ങൾ എന്നിവരടക്കം നൂറിലേറെ സന്നദ്ധപ്രവർത്തകർ ഒറ്റക്കെട്ടായി യജ്ഞത്തിൽ പങ്കാളികളായി.