Sun. Apr 6th, 2025
കഞ്ഞിക്കുഴി:

മാനത്തു മഴക്കാറു കണ്ടാൽ നെഞ്ചിൽ തീയാണ് ഇവിടെ ഒരു ഗ്രാമത്തിലെ ആളുകൾക്ക്. എല്ലാ വർഷവും തുലാമഴയ്ക്കൊപ്പം വന്നെത്തുന്ന മിന്നലിൽ നാശനഷ്ടങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഗ്രാമവാസികൾ ഭയപ്പെടാതെ എന്തു ചെയ്യാൻ.? കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനെട്ടാം വാർഡായ പൊന്നെടുത്താനിലാണ് ഇടിമിന്നൽ പിടിവിടാതെ ഭീഷണി മുഴക്കുന്നത്.

2005 മുതലാണ് ഗ്രാമത്തിൽ ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടു തുടങ്ങിയത്.സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി അഞ്ഞൂറ് അടിയിലേറെ ഉയരമുള്ള ഈ പ്രദേശത്തെ പട്ടയക്കുടിയിൽ 2009 ൽ ഒരു അമ്മയും മകളും മിന്നലേറ്റു മരിച്ചതാണ് നാട്ടുകാരുടെ ഓർമയിലെ ആദ്യത്തെ ദുരന്തം. ആ സംഭവത്തിൽ മറ്റൊരു സ്ത്രീക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്നുള്ള വർഷങ്ങളിലും ദുരന്തം ആവർത്തിച്ചു. പൊന്നെടുത്താനിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരും വഴി വീട്ടമ്മയ്ക്കാണ് പിറ്റേ വർഷം മിന്നലേറ്റത്. 2011ൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് സർക്കാർ ഇവിടെ ഒരു പഠനം നടത്തിയിരുന്നു. പഠനത്തിൽ പൊന്നെടുത്താനിലെ മണ്ണിൽ ലോഹത്തിന്റെ അളവു കൂടുതലാണന്നു കണ്ടെത്തിയിരുന്നു.

ഇതാണത്രേ ഇടി മിന്നലിനെ ഇവിടേക്ക് ആകർഷിക്കുന്നത്. തുടർന്ന് പ്രദേശത്തെ എല്ലാത്തരം കെട്ടിടങ്ങളിലും ഇടിമിന്നൽ രക്ഷാ ചാലക സംവിധാനം ഘടിപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ 90 ശതമാനം പേരും ഈ നിർദേശം പാലിച്ചിട്ടില്ല.