കൊടുവള്ളി:
സ്വയം പര്യാപ്തത കൈവരിച്ച് കൊടുവള്ളി നഗരസഭയിലെ കുടുംബശ്രീ യൂനിറ്റ് ഇലക്ട്രോണിക്സ് ഉപകരണ നിർമാണ വിപണന രംഗത്തേക്ക് ചുവടുവെക്കുന്നു. മാനിപുരം 10ാം ഡിവിഷനിലെ വാനില അയൽക്കൂട്ടത്തിലെ കുടുംബശ്രീ യൂനിറ്റാണ്പുതിയസംരംഭത്തിന് തുടക്കം കുറിക്കുന്നത്. വിരാഗോ ടെക് എന്ന ബ്രാൻഡ്പേരിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണവും വിതരണവുമാണ് ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ സി സി ടി വി കാമറയുടെ അസംബ്ലിങ് യൂനിറ്റാണ് പ്രവർത്തിച്ചു തുടങ്ങുന്നത്.നിലവിൽ വിപണിയിലുള്ള സി സി ടി വി കാമറകളോട് കിടപിടിക്കുന്ന മികച്ച ഗുണനിലവാരമുള്ള കാമറയാണ് ഇവിടെനിന്നും നിർമിക്കുന്നത്. സി സി ടി വി രണ്ട്, എം പി മൂന്ന്, നാല്, അഞ്ച് കാമറകൾ, ഫിക്സഡ് ലെൻസ്, വേരി ഫോക്കൽ ലെൻസ്, മോട്ടർ റെയ്സ് ലെൻസ് ഉപയോഗിച്ചുള്ള അത്യാധുനിക കാമറകളും നിർമിക്കുന്നുണ്ട്.
നിലവിലുള്ള കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വേണ്ടി അവരുടെ ബ്രാൻഡിൽതന്നെ യൂനിറ്റിൽനിന്നും കാമറകൾ നിർമിച്ചു നൽകും.എല്ലാ ആക്സസറീസും മൊത്ത വിലയ്ക്ക് നൽകുകയും ചെയ്യും. സാധരണ രീതിയിലുള്ള കുടുംബശ്രീ സംരംഭങ്ങളിൽനിന്നും വിഭിന്നമായിട്ടുള്ള സംരംഭമാണിതെന്നും വീട്ടിൽനിന്ന് നിർമിക്കുന്ന സംവിധാനമായതിനാൽ ഇപ്പോൾ ലഭ്യമായ മാർക്കറ്റ് വിലയിൽനിന്നും കുറഞ്ഞ വിലയ്ക്ക് വിൽപന നടത്താൻ കഴിയുമെന്നും സംരംഭകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിർമാണ യൂനിറ്റിെൻറ ഉദ്ഘടനം നവംബർ എട്ടിന് രാവിലെ 10നു നടക്കും. വാർത്തസമ്മേളനത്തിൽ കൊടുവള്ളി നഗരസഭ എ ഡി എസ് ചെയർപേഴ്സൺ വിമല, സി ഡി എസ് അംഗം ആയിഷ, വാനില കുടുംബശ്രീ സെക്രട്ടറ ശമീന, സി സി ടി വി അസംബ്ലിങ് സൂപ്പർവൈസർ അന എന്നിവർ പങ്കെടുത്തു.