Wed. Jan 22nd, 2025
കൊച്ചി:

ജീവിത ശൈലീ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനു പഞ്ചായത്ത് തലത്തിൽ 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യ പരിശോധന കാർഡ് ലഭ്യമാക്കുമെന്നു മന്ത്രി വീണാ ജോർജ്. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ എറണാകുളം മണ്ഡലത്തിലെ നിർധനരായ രോഗികൾക്ക് ഹൈബി ഈഡൻ എംപി നടപ്പാക്കുന്ന സൗജന്യ ആൻജിയോപ്ലാസ്റ്റി പദ്ധതിയായ ‘ഹൃദയത്തിൽ ഹൈബി ഈഡൻ’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മികച്ച ചികിത്സാ സംവിധാനത്തെ മറ്റു സ്ഥലത്തുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഹെൽത്ത് ടൂറിസം പദ്ധതിക്കും സർക്കാർ മുൻകയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു. 40 പേർക്കു സൗജന്യമായി പേസ്‌മേക്കർ ഘടിപ്പിക്കുന്ന പദ്ധതി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതിനു നടപടി തുടങ്ങിയതായി ഹൈബി ഈഡൻ പറഞ്ഞു. ആശുപത്രി സെക്രട്ടറി അജയ് തറയിൽ, ആശുപത്രി പ്രസിഡന്റ് എം ഒ ജോൺ, ടി ജെ വിനോദ് എംഎൽഎ, ഡോ എം ഐ ജുനൈദ് റഹ്‌മാൻ, രഞ്ജിത് വാരിയർ, ജെബി മേത്തർ, സി പി ആർ ബാബു, ഇക്ബാൽ വലിയവീട്ടിൽ, അഗസ്റ്റസ് സിറിൾ, പി വി അഷറഫ്, ഡോ എസ് സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

+914843503177 എന്ന നമ്പറിൽ വിളിച്ച് പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന അപേക്ഷകളിൽ നിന്നു മുൻ ഡിഎംഒ ഡോ ജുനൈദ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് തിരഞ്ഞെടുക്കപ്പെടുന്ന 100 രോഗികൾക്ക് ഇന്റർവെൻഷൻ കാർഡിയോളജിസ്റ്റ് ഡോ നിജിൽ ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള സംഘം ആൻജിയോപ്ലാസ്റ്റി നടത്തും.