Mon. Dec 23rd, 2024
കൊച്ചി‌:

ജില്ലയിൽ നാലുമാസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 5,26,506 ചതുരശ്രമീറ്റർ പ്രദേശത്ത്‌ കയർ ഭൂവസ്ത്രം വിരിക്കാനുള്ള ധാരണപത്രം ഒപ്പുവച്ചു. മാർച്ചിനകം 8.94 ലക്ഷം ചതുരശ്രമീറ്ററിൽ കയർ ഭൂവസ്ത്രം വിരിക്കാനാണ് ജില്ലാ കയർ പ്രോജക്റ്റ്‌ ഓഫീസ് ലക്ഷ്യമിടുന്നത്. കാലാവസ്ഥ അനുകൂലമായ ഇടങ്ങളിൽ കയർ ഭൂവസ്ത്രവിതാനം പുരോഗമിക്കുകയാണെന്ന് നോർത്ത് പറവൂർ കയർ പ്രോജക്‌റ്റ്‌ ഓഫീസർ കെ എം ഇന്ദിര പറഞ്ഞു.

ജില്ലയിൽ കോട്ടുവള്ളി, ചെല്ലാനം, വടക്കേക്കര, ചിറ്റാറ്റുകര, ചെങ്ങമനാട്, മലയാറ്റൂർ നീലീശ്വരം, കുമ്പളം, ചേന്ദമം​ഗലം, ഏഴിക്കര, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലാണ് കയർ ഭൂവസ്ത്രവിതാന പ്രവർത്തനം നടക്കുന്നത്. ഒക്ടോബർവരെ 94,134 ചതുരശ്രമീറ്റർ ഭൂമിയിൽ കയർ ഭൂവസ്ത്രവിതാനം പൂർത്തിയാക്കി. കാലാവസ്ഥ അനുകൂലമാകുന്നമുറയ്ക്ക് മറ്റു തദ്ദേശസ്ഥാപനങ്ങളും കയർ ഭൂവസ്ത്രം വിരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടും.

തദ്ദേശസ്ഥാപനങ്ങൾക്ക് കയർ ഭൂവസ്ത്രവിതാനത്തിനുള്ള സാമ​ഗ്രികൾ കയർഫെഡും കയർ കോർപറേഷനുമാണ് നൽകുന്നത്. ജില്ലാ കയർ പ്രോജക്‌റ്റ്‌ ഓഫീസാണ്‌ ഭൂവസ്‌ത്രവിതാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ പരിശീലനം നൽകുന്നത്. മണ്ണും ജലവും സംരക്ഷിക്കാനാണ് കയർ ഭൂവസ്ത്രവിതാനം നടത്തുന്നത്. മണ്ണിന്റെ ജൈവഘടനയിൽ മാറ്റംവരുത്താതെ പ്രകൃതിയോട് ഇണങ്ങിച്ചേർന്നാണ് കയർ ഭൂവസ്ത്രത്തിന്റെ പ്രവർത്തനം.

ഭൂവസ്ത്രവിതാന പ്രവർത്തനത്തിന്റെ ഭാഗമായി കയർ വികസനവകുപ്പും ജില്ലാ കയർ പ്രോജക്റ്റ്‌ ഓഫീസും ചേർന്ന് തദ്ദേശഭരണസ്ഥാപനങ്ങൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. മന്ത്രി പി രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ് അധ്യക്ഷനായി. കയർവികസന വകുപ്പ് ഡയറക്ടർ വി ആർ വിനോദ് മുഖ്യാതിഥിയായി. കെ ജെ ജോയി, ടി ആർ ബോസ് എന്നിവർ സംസാരിച്ചു. 70 തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ പങ്കെടുത്തു.