കൊല്ലം:
ഫിഷറീസ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ കേരളത്തിൽ സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോർപറേഷൻ കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റ് കേന്ദ്രീകരിച്ച് തുടങ്ങിയ മത്സ്യസംസ്കരണ പ്ലാന്റ് (മിമി ഫിഷ്), ഫ്രഷ് ഫിഷ് സ്റ്റാൾ, മിമി -ഡ്രിഷ് മൊബൈൽ യൂണിറ്റ് (സഞ്ചരിക്കുന്ന മത്സ്യവിഭവ ഫുഡ് കോർട്ട്) എന്നിവ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ടൂറിസം, ഫിഷറീസ് എന്നീ മേഖലയിലാണ് കേരളത്തിന്റെ ഭാവി സാധ്യതകൾ.
ഈ മേഖലയിൽ നൂതനപദ്ധതികൾ ആവിഷ്കരിച്ചാൽ സമ്പന്ന സംസ്ഥാനമായി കേരളം മാറും. ഉൾനാടൻ മത്സ്യമേഖലയിൽ കേന്ദ്രീകരിച്ചാൽ തന്നെ സമ്പദ് മേഖലയിൽ കുതിച്ചുചാട്ടമുണ്ടാകും. ഫിഷറീസ് മേഖലയുടെ വികസനത്തിൽ വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഇന്ത്യയിൽ ആന്ധ്രാപ്രദേശും മാതൃകയാണ്. സമുദ്ര, ഉൾനാടൻ മത്സ്യോൽപ്പാദനം വർദ്ധിപ്പിക്കണം.
തദ്ദേശീയവും വിദേശീയവുമായ വിപണന സംവിധാനം വിപുലപ്പെടുത്തണം. ഫിഷറീസ് മേഖലയിൽ ഏറ്റവും നന്നായി ദീർഘവീക്ഷണത്തോടെ പദ്ധതികൾ നടപ്പാക്കിയ മന്ത്രിയായിരുന്നു ജെ മേഴ്സിക്കുട്ടിഅമ്മയെന്നും കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റിനോട് ചേർന്ന് സീഫുഡ് റെസ്റ്റോറന്റ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.