കൊന്നക്കാട്:
കോട്ടഞ്ചേരി മലനിരകളുടെ താഴ്‌വരയിൽ പുതുതായി പാരിസ്ഥിതിക അനുമതി ലഭിച്ച കരിങ്കൽ ക്വാറിക്ക് എക്സ്പ്ലോസീവ് ലൈസൻസ് അനുവദിക്കുന്നതിനു മുന്നോടിയായി അഡീഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലവിലുണ്ട്. പരിശോധന നടക്കുന്ന സ്ഥലത്ത് ഇന്നലെ രാവിലെ കോട്ടഞ്ചേരി സംരക്ഷണ സമിതിയുടെയും ജില്ലാ പരിസ്ഥിതി സമിതിയുടെയും നേതൃത്വത്തിൽ പരിസരവാസികൾ പ്രതിഷേധിച്ചു.
പരിസ്ഥിതിലോല പ്രദേശമായ കോട്ടഞ്ചേരി വനമേഖലയിൽ ഖനനം നടത്തുന്നതു ഗുരുതരമായ പരിസ്ഥിതി ആഘാതത്തിനു വഴിവയ്ക്കുമെന്നും പ്രദേശവാസികളുടെ ഭൂമി, കുടിവെള്ളം, കൃഷി തുടങ്ങിയ എല്ലാ ഉപജീവന മാർഗങ്ങൾക്കും ഇതു തിരിച്ചടിയാകുമെന്നും പ്രദേശവാസികൾ പറയുന്നു.എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ വെള്ളരിക്കുണ്ട് തഹസിൽദാർ, വില്ലേജ് ഓഫിസർ, മലിനീകരണ നിയന്ത്രണ ബോർഡ്, മൈനിങ് ആൻഡ് ജിയോളജി, ദുരന്ത നിവാരണ അതോറിറ്റി, ഭൂഗർഭ ജല അതോറിറ്റി, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രദേശവാസികൾക്കൊപ്പം ബളാൽ പഞ്ചായത്ത് അംഗം മോൻസി ജോയി, പരിസ്ഥിതി സമിതി ജില്ലാ ഭാരവാഹികളായ ടി വി രാജേന്ദ്രൻ, വി കെ വിനയൻ, റിജോഷ് ജോസ്, കെ വി കൃഷ്ണൻ എന്നിവരുമെത്തിയിരുന്നു. കോട്ടഞ്ചേരി മലനിരകളിൽ ക്വാറി അനുവദിക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും നാട്ടുകാർ പ്രതിജ്ഞ ചെയ്തു.