Mon. Dec 23rd, 2024
പാലക്കാട്:

ദിവസങ്ങൾ നീണ്ട ചര്‍ച്ചകൾക്കൊടുവിൽ കൽപ്പാത്തിരഥോത്സവത്തിന് ഉപാധികളോടെ സര്‍ക്കാ‍ർ അന്തിമാനുമതി നൽകി. അഗ്രഹാര വീഥികളിൽ 200 പേർക്ക് മാത്രം പങ്കെടുക്കാമെന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചാവണം ഉത്സവം.

ക്ഷേത്രത്തിനകത്ത് പരമാവധി നൂറുപേർക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. അഗ്രഹാര വീഥികളിൽ രഥം വലിക്കുന്നതുൾപ്പെട 200 പേർ മാത്രമായിരിക്കണം.ജനങ്ങളെ നിയന്ത്രിക്കുന്ന സംബന്ധിച്ച് കൃത്യമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാനും പാലക്കാട് ജില്ലാ കളക്ടർ ആഘോഷ സമിതിക്ക് നിർദേശം നൽകി.

എന്നാൽ 200 പേരെ പങ്കെടുപ്പിച്ച് രഥ പ്രയാണത്തിന് വലിയ രഥങ്ങൾ ഇറക്കാനാവില്ല എന്നാണ് ഉത്സവ കമ്മിറ്റി പറയുന്നത്. വലിയ രഥങ്ങൾ വലിക്കുന്നതിന് കൂടുതൽ ആളുകൾ വേണമെന്നാണ് ഉത്സവ കമ്മിറ്റി വിശദീകരിക്കുന്നത്.രഥോത്സവം വലിയ ആഘോഷപരമായി നടത്താൻ കഴിയാത്തതിൽ കൽപ്പാത്തിക്കാർ നിരാശയിലാണ്.

പക്ഷേ കൊവിഡ് സാഹചര്യത്തിൽ പൂര്‍ണമായും സര്‍ക്കാർ നിര്‍ദേശങ്ങൾ പാലിക്കുമെന്നും നാട്ടുകാർ പറയുന്നു. വലിയ രഥങ്ങൾ പ്രയാണത്തിന് ഇറങ്ങിയില്ലെങ്കിൽ പ്രശസ്തമായ ദേവരഥ സംഗമം ഇത്തവണയും ഉണ്ടാവില്ല. ഈ മാസം 8 നാണ് രഥോത്സവത്തിന് കൊടിയേറുക.