വാഷിങ്ടൻ:
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നട്ടു നനച്ചു വളർത്തിയ മുളക് ചെടി പൂത്തു, പിന്നെ കായ്ച്ചു. ഈ മുളകും കൂട്ടി ബഹിരാകാശത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച ടാക്കോസ് തയാറാക്കി കഴിച്ചെന്ന് യുഎസ് ബഹിരാകാശ സഞ്ചാരി മെഗാൻ മക്ആതരുടെ രുചിസാക്ഷ്യം.
ബീഫിനൊപ്പം ചൂടാക്കിയെടുത്ത തക്കാളിയും മുൾച്ചെടി വർഗത്തിൽപെട്ട ആർട്ടിചോക്കുമെല്ലാം ചേർത്തു തയാറാക്കിയ മെക്സിക്കൻ വിഭവമായ ടാകോസിനു രുചിയുടെ മികവ് പകർന്നതു വിണ്ണിൽ വിളഞ്ഞ മുളകാണ്. 2 വർഷം നീണ്ട ഗവേഷണത്തിനൊടുവിലായിരുന്നു ബഹിരാകാശ നിലയത്തിൽ വളർത്താനായി ന്യൂ മെക്സിക്കോയിലെ ഹാച്ചിൽ നിന്നുള്ള ഹാച്ച് ചിലി എന്ന ഇനം നാസയിലെ ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തത്.