Thu. Dec 19th, 2024
ദില്ലി:

ഹിസാറിൽ ബിജെപി എംപി നേരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ ഹരിയാന പൊലീസ് കേസ് എടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ കർഷകൻ്റെ നില ഗുരുതരമായി തുടരുന്നതിനിടയിലാണ് മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം കർഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കർഷകർ ഇന്ന്നർനൗണ്ട് പൊലീസ് സ്റ്റേഷൻ ഉപരോധിക്കും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയിൽ കർഷക പ്രതിഷേധം സംഘർഷത്തിലെത്തുന്നത്. ഹിസാറിൽ ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജൻഗറെ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കർഷകസമരം നടത്തുന്നത് തൊഴിൽ ഇല്ലാത്ത മദ്യപന്മാരായണെന്ന എംപിയുടെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. ഹിസാറിലെ നർനൗണ്ടിൽ എത്തിയ എംപിയെ കർഷകർ തടയുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശി.

സംഘർഷത്തിനിടെ കാറിന്റെ ചില്ല് തകർന്നു. രണ്ട് കർഷകർക്ക് ഗുരുതരപരിക്കേറ്റെന്ന് കർഷകസംഘടനകൾ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പത്ത് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കാര്‍ തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കേദാർനാഥിലെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബി ജെ പി പരിപാടിക്കിടെയാണ് മറ്റൊരു സംഘർഷമുണ്ടായത്. പരിപാടിക്കായി കഴിഞ്ഞ ദിവസം ഇവിടുത്തെ ക്ഷേത്രത്തിൽ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവർ ഉൾപ്പെടെ നേതാക്കളെ കർഷകർ തടഞ്ഞുവെക്കുകയായിരുന്നു.