Wed. Nov 6th, 2024
മൂന്നാർ:

വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ എത്തുന്ന സന്ദർശകർക്ക്‌ പ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ സൗകര്യങ്ങൾ ഒരുക്കി വനം വകുപ്പ് അധികൃതർ. സന്ദർശകർക്കായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങൾ അഡ്വ എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടൂറിസം സോണിൽ എത്തുന്നവർക്ക് വിശ്രമിക്കുന്നതിന്‌ പോളികാർബണേറ്റ് ഷീറ്റ് ഉപയോഗിച്ചുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇവിടെയുള്ള വാച്ചർമാർക്ക് യൂണിഫോം നൽകിയതിലൂടെ വിനോദസഞ്ചാരികൾക്ക് ഇവരെ തിരിച്ചറിയാനാകും. സന്ദർശകർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ ശേഖരിച്ച് തരംതിരിച്ച് നിർമാർജനം ചെയ്യും.
ഡിസ്‌പോസിബിൾ കുപ്പികൾ ഒഴിവാക്കുകയാണിവിടെ.

സന്ദർശകർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ റിവേഴ്സ് ഓസ്‌മോസിസ് സംവിധാനം വഴി ശുദ്ധീകരിച്ച വെള്ളം നൽകുന്ന പദ്ധതിക്കും തുടക്കമായി. പൂർണമായും പ്ലാസ്റ്ററിക് ഉപയോഗം ഒഴിവാക്കി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.പ്രഥമ ശ്രുശ്രൂഷ നൽകാൻ ഫസ്റ്റ് എയ്ഡ് സ്‌റ്റേഷൻ സംവിധാനവുമുണ്ട്.

മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേകം ഫീഡിങ് മുറിയും ഡയപ്പർ മാറ്റാൻ പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്. മൂന്നാർ -ഉദുമൽപേട്ട റോഡിൽ നയമക്കാട് എട്ടാം മൈലിൽ എത്തുന്ന വിനോദസഞ്ചാരികളെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള പ്രത്യേക വാഹനങ്ങളിലാണ് രാജമലയിലേക്ക് കൊണ്ടുപോകുന്നത്.