Thu. Jan 23rd, 2025
ന്യൂഡൽഹി:

രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

വാക്സിനേഷന് വേണ്ടി പ്രത്യേക ക്യാമ്പുകൾ തുടങ്ങാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു. വാക്സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.ആഘോഷകാലം വരികയാണ്, അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി പറഞ്ഞത്.

12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. 12 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിനു താഴെ ആളുകള്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. വാക്സിനേഷനിലെ നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം.

കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിനേഷനാണ്. അതിനാല്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കണം. ക്യാമ്പുകളിലോ ആശുപത്രികളിലോ എത്തി വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് പ്രതിരോധം ഊര്‍ജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.