കോതമംഗലം:
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഒരു കുടുംബത്തിനുപോലും പ്രയോജനം ലഭിക്കാതെ കുടിവെള്ള പദ്ധതി നശിക്കുന്നു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ 2019-20 സാമ്പത്തിക വർഷത്തിലെ 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വടക്കേമാലി പാറേപ്പടി കുടിവെള്ള പദ്ധതിയാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ആർക്കും പ്രയോജനം ലഭിക്കാതെ നശിക്കുന്നത്.തുടക്കത്തിൽ പദ്ധതിയുടെ തൊട്ടുചേർന്നുള്ള ഒരു വീട്ടിലെ പൈപ്പിൽനിന്ന് വെള്ളം ശേഖരിച്ചുകൊണ്ടാണ് ആൻറണി ജോൺ എം എൽ എ പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു വീട്ടിലേക്കുപോലും വാട്ടർ കണക്ഷൻ കൊടുക്കാതെയും ഉപഭോക്തൃ സമിതി രൂപവത്കരിക്കാതെയുമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ഇത്തരത്തിൽ ലക്ഷങ്ങൾ പാഴാക്കിയുള്ള കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി കിണർ നിർമിച്ച് മോട്ടോർപുരയും സ്ഥാപിച്ച് കുറെ റോഡുകൾ കുത്തിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ ഒരാൾക്കുപോലും കുടിവെള്ളം ലഭ്യമാക്കിയിട്ടില്ല.
ഇത്തരത്തിൽ തട്ടിപ്പ് പദ്ധതികൾക്കെതിരെ അന്വേഷണം നടത്തി ബ്ലോക്ക് പഞ്ചായത്തിൻറെ ലക്ഷങ്ങൾ പാഴാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നാണ് നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.