Fri. Apr 26th, 2024
കോട്ടക്കൽ:

1500 ഹെക്ടറിൽ ഔഷധസസ്യകൃഷി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങിയതായും ഔഷധസസ്യ കർഷകരുടെ ഉല്പ്പന്നങ്ങൾക്ക്‌ യുക്തമായ മാർക്കറ്റിങ്‌ സംവിധാനം വിഭാവനംചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌. ആറാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച്‌ കോട്ടക്കൽ ആര്യവൈദ്യശാലയിൽ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ആധുനിക കാലത്ത് ആയുർവേദത്തിന്റെ പര്യായമായി കോട്ടക്കൽ ആര്യവൈദ്യശാല മാറിയെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.

പി കെ വാരിയരുടെ ഓർമക്കുമുന്നിൽ മന്ത്രി ആദരാഞ്ജലി അർപ്പിച്ചു. മാനേജിങ്‌ ട്രസ്റ്റി ഡോ പി എം വാരിയർ ആമുഖഭാഷണം നടത്തി. ആര്യവൈദ്യശാല തിരുവനന്തപുരം ബ്രാഞ്ച് മാനേജർ ഡോ പി സുകുമാർ വാരിയർ പ്രബന്ധം അവതരിപ്പിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ ജി സി ഗോപാല പിള്ള സംസാരിച്ചു. ഡോ കെ മുരളി, ഡോ പി ആർ രമേഷ്, ഡോ പി സുകുമാർ വാരിയർ, ഡോ കെ വി രാജഗോപാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഡോ കെ മുരളീധരൻ നിർദേശങ്ങൾ ക്രോഡീകരിച്ചു. പി രാജേന്ദ്രൻ നന്ദി പറഞ്ഞു. രാവിലെ കൈലാസ മന്ദിര പരിസരത്ത് ഡോ പി എം വാരിയർ പതാക ഉയർത്തി. ദിനാചരണ പരിപാടിയിൽ ഡോ കെ വി രാജഗോപാലൻ നന്ദി പറഞ്ഞു. ആയുർവേദ ദിനസന്ദേശം പൊതുജനങ്ങളിലേക്ക്‌ എത്തിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി സഹകരിച്ച്‌ ആയുർവേദ ദിനാചരണവും കോട്ടക്കൽ ആര്യവൈദ്യശാല നടത്തി.