Tue. Jan 7th, 2025
തിരുവനന്തപുരം:

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനനുസരിച്ച് ജലനിരപ്പ് ഓരോ സമയവും അവലോകനം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 24ന് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒക്ടോബര്‍ 27ന് വന്ന മറുപടിക്കത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുെമന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്’.

അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതോടെ ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 65 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.കഴിഞ്ഞദിവസം തുറന്ന ആറ് ഷട്ടറുകളില്‍ 5 എണ്ണം ഇന്നലെ അടച്ചിരുന്നു.

മുല്ലപ്പെരിയാര്‍ ഡാമില്‍ 8 മണി മുതല്‍ മൂന്ന് ഷട്ടറുകള്‍ കൂടി 0.60മീ ഉയര്‍ത്തുമെന്നാണ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് നല്‍കുന്ന വിവരം. നിലവില്‍ 1493 ക്യുസെക്സ് ജലമാണ് ഒഴുക്കി വിടുന്നത്.