Sat. Jan 18th, 2025

ടി20 ലോകകപ്പിൽ നിലനിൽപ്പിന്റെ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30 മുതല്‍ അബുദാബിയിലാണ് മത്സരം.

അഫ്ഗാനിസ്താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട്ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും അഫ്ഗാൻ തോല്‍പ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

റണ്‍റേറ്റില്‍ ഏറെമുന്നിലുള്ള അഫ്ഗാന്‍ ഇന്ത്യയെയും തോല്‍പ്പിച്ചാല്‍ സെമിയിലേക്ക് ഒരു പടികൂടി അടുക്കും. അഫ്ഗാനിസ്താന്റെ ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹസാദ് എന്നിവര്‍ നല്ല ഫോമിലാണ്. പേസര്‍ നവീന്‍ ഉള്‍ഹഖ്, ലോകത്തെ മികച്ച ബൗളര്‍മാരിലൊരാളായ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരടങ്ങിയ സ്പിന്‍ നിരയും കരുത്തരാണ്.

എന്നാൽ ടീം ഇന്ത്യ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും ഏറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ്. രണ്ടുമത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ ടീമിൽ മാറ്റം വരുത്താൻ നായകൻ കോലി തയ്യാറായേക്കും. ടീം സെലക്ഷനിൽ പോരായ്മകൾ ഉണ്ടെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു.

ആദ്യ രണ്ടുമത്സരങ്ങളും കളിക്കാത്ത സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം രണ്ടുമത്സരങ്ങളിലും അവസരം ലഭിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും അത് മുതലാക്കാനായില്ല. ആദ്യമത്സരത്തില്‍ കളിച്ച സൂര്യകുമാര്‍ യാദവിന് പരുക്കായതിനാലാണ് ന്യൂസീലന്‍ഡിനെതിരേ ഇഷാന്‍ കിഷനെ കളിപ്പിച്ചത്.