Fri. Jan 24th, 2025
ഓച്ചിറ:

ഞക്കനാൽ കൊച്ചുകളീക്കൽ മെഡിക്കൽ സ്റ്റോർ ജംക്‌ഷനിലെ മരണക്കെണി ഇല്ലാതാക്കാൻ നടപടി. കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ ഓച്ചിറ – ചൂനാട് റോഡിൽ ‍ഞക്കനാൽ കൊച്ചുകളീക്കൽ മെഡിക്കൽ സ്റ്റോർ ജംക്‌ഷനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന അപകടങ്ങളിൽ 8 പേർ മരിച്ചതും റോഡിന്റെ നവീകരണം ഒരു വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാത്തതും മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. കിഫ്ബി ഉദ്യോഗസ്ഥരും മോട്ടർ വാഹന വകുപ്പും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി.

കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ഡി എസ് ദീപയുടെ നേതൃത്വത്തിൽ എത്തിയ സംഘം അപകട സാധ്യത കൂടിയ റോഡിന്റെ ഭാഗങ്ങൾ പരിശോധിച്ചു. റോഡിലെ അപകട വളവ് ക്രമികരിക്കുന്നതിനും ഈഭാഗത്ത് 150 ദൂരം ഇരുവശത്തും വശങ്ങളിൽ ഇന്റർ ലോക്ക് ഇടാനും പ്രത്യേക സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഇന്റർലോക്ക് പാകുന്ന ജോലികൾ ഇന്ന് ആരംഭിക്കുമെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

കായംകുളം ജോയിന്റ് ആർടി ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ ശ്രീകുമാർ, പി ജെ ജിതിൻ എന്നിവർ അപകട സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കി.കൊല്ലം – ആലപ്പുഴ ജില്ലകളിലെ ചവറ, കരുനാഗപ്പള്ളി, കുന്നത്തൂർ, മാവേലിക്കര മണ്ഡലങ്ങളിൽ ഉൾപ്പെട്ട ചവറ വെറ്റമുക്ക് മുതൽ തേവലക്കര – മൈനാഗപ്പള്ളി – ശാസ്താംകോട്ട – കാഞ്ഞിരത്തിൻ മൂട് – താമരക്കുളം – ഓച്ചിറ വരെയുള്ള 52 കിലോമീറ്റർ ദൂരത്തിലൂള്ള റോഡ് നവീകരണം കിഫ്ബി പദ്ധതിയിലെ 63 കോടി രൂപ ചെലവഴിച്ചാണ് നടത്തുന്നത്. നിർമാണച്ചുമതല കെആർഎഫ്ബിക്കാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ റോഡിന്റെ നിർമാണച്ചുമതല പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കരുനാഗപ്പള്ളി, ഓച്ചിറ സെക്‌ഷനിലായിരുന്നു.