Fri. Jan 24th, 2025
അഫ്ഗാനിസ്ഥാൻ:

കുടുംബത്തിലെ ബാക്കിയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒന്‍പത് വയസുകാരിയെ വില്‍ക്കേണ്ടി വന്ന അവസ്ഥയില്‍ ഒരു പിതാവ്. അഫ്ഗാനിസ്ഥാനില്‍ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ ദാരുണാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുന്നതാണ് സംഭവം.

താലിബാന്‍ ഭരണത്തിന് കീഴില്‍ പല ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായുള്ള ക്യാപിലാണ് ഒന്‍പതുവയസുകാരിയായ പര്‍വാന മാലികും കുടുംബവും കഴിഞ്ഞിരുന്നത്. എട്ടംഗ കുടുംബത്തിന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ വന്നതോടെയാണ് ഒന്‍പതുവയസുകാരിയെ പിതാവ് അബ്ദുള്‍ മാലിക് വിറ്റതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനിലെ ബദ്ഗിസ് പ്രവിശ്യയിലെ ക്യാംപിലാണ് സംഭവം. കഴിഞ്ഞ മാസമാണ് ഒന്‍പതുവയസുകാരിയെ 55 കാരന് വിവാഹം ചെയ്യാനായി വിറ്റതെന്നാണ് ഈ പിതാവ് സിഎന്‍എന്നിനോട് വിശദമാക്കിയത്.

താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷം ജോലി നഷ്ടമായെന്നും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഭക്ഷണം അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള പണം പോലും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ഈ പിതാവ് പറയുന്നു. 12 വയസുകാരിയായ മറ്റൊരു മകളേയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വില്‍ക്കേണ്ടി വന്നതായും അബ്ദുള്‍ മാലിക് പ്രതികരിച്ചു. നിരാശയും നാണക്കേടിലും കുറ്റബോധത്തിലും തലപോലും ഉയര്‍ത്താനാവാത്ത നിലയിലാണ് ഈ പിതാവുള്ളതെന്നാണ് റിപ്പോര്‍ട്ട്.