Thu. Dec 19th, 2024
കൊല്ലം:

സേവന- ഉല്പ്പാദന മേഖലകളിലൂടെ വനിതകൾക്ക്‌ കൂടുതൽ തൊഴിൽ ലഭിക്കാനും കൊവിഡാനന്തര കാലത്ത്‌ വ്യക്തികൾക്കും കുടുംബങ്ങൾക്കും വരുമാനം ഉറപ്പാക്കാനും 90 ലക്ഷം രൂപയുടെ ഗൃഹശ്രീ, സ്വയംപ്രഭ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്‌. വനിതകൾക്ക് വ്യക്തിഗതമായി വീടുകൾ കേന്ദ്രീകരിച്ച് സംരംഭങ്ങൾ തുടങ്ങാൻ ഗൃഹശ്രീ വഴിയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് സ്വയംപ്രഭ വഴിയും സബ്‌സിഡി ലഭ്യമാക്കുന്നതാണ്‌ ഇരു പദ്ധതിയും.

തയ്യൽ, ഭക്ഷ്യസംസ്‌കരണം, ഇ– സേവനം തുടങ്ങിയ മേഖലകളിൽ തൊഴിൽ സംരംഭങ്ങൾക്ക്‌ സാധ്യത ഏറെയാണ്‌. 18നും 60നും ഇടയിൽ പ്രായമുള്ള ബിപിഎൽ വിഭാഗത്തിലെ വനിതകളുടെ സംരംഭങ്ങൾക്ക് ഗൃഹശ്രീയിലൂടെ പരമാവധി 75,000 രൂപയും എപിഎൽ വിഭാഗത്തിന് പരമാവധി 50,000 രൂപയും സബ്‌സിഡി നൽകും. 30 ലക്ഷം രൂപയാണ്‌ സബ്‌സിഡിക്കായി അനുവദിച്ചിട്ടുള്ളത്‌.

വീടുകൾ കേന്ദ്രീകരിച്ചോ വ്യവസായ-വാണിജ്യ കെട്ടിടങ്ങളിലോ ചെറുകിട ഉല്പ്പാദന -സേവന സംരംഭങ്ങൾ ആരംഭിക്കുന്നവർ ആയിരിക്കണം അപേക്ഷകർ. കുറഞ്ഞത്‌ ഒരു ലക്ഷം രൂപയുടെ പ്രോജക്ടും സമർപ്പിക്കണം.
ബിപിഎൽ വിഭാഗത്തിലുള്ളവരുടെ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സ്വയംപ്രഭയിലൂടെ പരമാവധി രണ്ടുലക്ഷം രൂപ വരെയും എപിഎൽ, -ബിപിഎൽ വിഭാഗത്തിലുള്ളവർ അംഗങ്ങളായ ഗ്രൂപ്പുകൾക്ക് പരമാവധി ഒന്നരലക്ഷം രൂപ വരെയും ആണ്‌ സബ്‌സിഡി നൽകുന്നത്‌.

ബാങ്ക് വായ്പ ലഭ്യമാക്കിയോ സ്വന്തമായി പണം മുടക്കിയോ തുടങ്ങുന്ന സംരംഭങ്ങൾക്കും സബ്‌സിഡി ലഭിക്കും. 60 ലക്ഷം രൂപയാണ്‌ സബ്‌സിഡിക്ക്‌ അനുവദിച്ചിട്ടുള്ളത്‌. ഈ പദ്ധതിക്ക്‌ കുറഞ്ഞത്‌ നാലുലക്ഷം രൂപയുടെ പ്രോജക്ട്‌ സമർപ്പിക്കണം. പദ്ധതിരേഖ, ഐഡന്റിറ്റി, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അഞ്ചിനകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ അപേക്ഷ സമർപ്പിക്കണം. മുഖാമുഖത്തിലൂടെ അർഹരെ തെരഞ്ഞെടുക്കും.