Mon. Dec 23rd, 2024
അയ്മനം:

രാജ്യാന്തര വേദിയിൽ ‘അയ്മനം’ ബ്രാൻഡിനു പുരസ്കാരത്തിളക്കം. ഉത്തരവാദിത്ത ടൂറിസത്തിന്റെ മുഖമുദ്രയായ അയ്മനത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്താൻ ഇതു കാരണമാകും. വിനോദ സഞ്ചാര മേഖലയിൽ അയ്മനം എന്ന പേരിനും ഇടം ലഭിക്കുമെന്നതു പ്രത്യേകത. 2018 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ നടന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

വിനോദ സഞ്ചാരം, കൃഷി, മാലിന്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം, തൊഴിലുറപ്പ് പദ്ധതി ഇവയെല്ലാം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംയോജിപ്പിച്ചു.ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിൽ ഒന്നാം ഘട്ടത്തിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി. നാട്ടുകാരായ 617 പേർക്ക് തൊഴിൽ പരിശീലനം നൽകി.

118 പ്രാദേശിക തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു. ഹോം സ്റ്റേകൾ തുടങ്ങി. ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമ യാത്ര, നെൽപ്പാടങ്ങളിലൂടെ നടത്തം, സൈക്കിൾ സവാരി എന്നിങ്ങനെ വിനോദ സഞ്ചാര പാക്കേജുകൾ നടപ്പാക്കി. വനിതകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ശ്രദ്ധേയം. അയ്മനം ടൂറിസം റിസോഴ്സ് ഡയറക്ടറിയും പ്രചാരണ വിഡിയോകളും പുറത്തിറക്കി.

പ്രദേശത്തെ ഉത്സവങ്ങളും കലാരൂപങ്ങളും ഉൾപ്പെടുത്തി കൾചറൽ‍ എക്സ്പീരിയൻസ് പാക്കേജ് അവതരിപ്പിച്ചു. മാലിന്യസംസ്കരണം, വേമ്പനാട് കായൽ ശുചീകരണം എന്നിവ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് നടപ്പാക്കി.വിനോദ സഞ്ചാര മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകൾ, ശിക്കാരകൾ, മോട്ടർ ബോട്ടുകൾ, റിസോർട്ടുകൾ എന്നിവയ്ക്കും വീടുകൾക്കും ഉത്തരവാദിത്ത ടൂറിസം മിഷനും പഞ്ചായത്തും ചേർന്ന് തുണിസഞ്ചികൾ നൽകി. വേമ്പനാട്ടു കായലിൽ ചീപ്പുങ്കൽ ഭാഗത്ത് ആമ്പൽ ഫെസ്റ്റ് സംഘടിപ്പിച്ചു.