Mon. Dec 23rd, 2024
അസം:

ജീൻസ് ധരിച്ച് കടയിൽ പ്രവേശിച്ചതിന്റെ പേരിൽ യുവതിയെ പുറത്താക്കിയതായി പരാതി. യുവതി ജീൻസ് ധരിച്ചതും ബുർഖ ധരിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കടക്കാരൻ പുറത്താക്കിയത്. അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം. തന്നെ അവഹേളിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്തു എന്ന് പെൺകുട്ടി ആരോപിച്ചു.

ഇയർഫോൺ വാങ്ങാനായി മൊബൈൽ ഫോൺ കടയിൽ പോയതായിരുന്നു പെൺകുട്ടി. എന്നാൽ ജീൻസ് ധരിച്ചെത്തിയ പെൺകുട്ടിയെ കടയിൽ കയറാൻ ഉടമയായ നൂറുൽ അമീൻ സമ്മതിച്ചില്ല. ബുർഖ ധരിക്കാതിരുന്നതിന്റെ പേരിൽ യുവതിയെ കടയിൽ നിന്ന് തള്ളി പുറത്താക്കി.

താൻ മോശം സ്ത്രീയാണെന്ന് പറഞ്ഞു. ബുർഖയോ ഹിജാബോ ധരിക്കുന്നത് മോശമാണെന്ന് പറയില്ല. എന്നാൽ അയാൾക്ക് തന്റെ വസ്ത്രധാരണത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് പെൺകുട്ടി പറഞ്ഞു.

തന്റെ വീട്ടിലെ സ്ത്രീകളെല്ലാം ബുർഖ ധരിക്കാറുണ്ടെന്നും അത്തരക്കാർ മാത്രം കടയിൽ പ്രവേശിച്ചാൽ മതിയെന്നും കടയുടമ പറഞ്ഞുവെന്നും യുവതി ആരോപിച്ചു. സംഭവം ചോദിക്കാനെത്തിയ അച്ഛനെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദിച്ചതായും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളോട് ബുർഖയും ഹിജാബുമൊക്കെ ധരിക്കാൻ നിർബന്ധിച്ച് അസമിൽ താലിബാൻ രീതി കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.