Mon. Dec 23rd, 2024

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 10 മാസം മാത്രം പ്രായമായ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി. സാമൂഹിക മാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയർന്ന സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു. ഡൽഹി പൊലീസിന് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു.

ഈ ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നത്.ഇതോടെ ഷമിക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ലോകം ഒന്നാകെ എത്തി.

കൂട്ടത്തിൽ വിരാട് കോഹ്‌ലിയും ഉണ്ടായി. മതത്തിന്റെ പേരിൽ വേർതിരിവ് എന്ന ചിന്തപോലും തന്നിൽ ഉണ്ടായിട്ടില്ലെന്ന് കോഹ്‌ലി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് അവരുടെ അസ്വസ്ഥതകൾ ഈ വിധം തീർക്കുന്നത്. അങ്ങനെയുള്ളവർക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാൻ തയ്യാറല്ലെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് ഷമിക്ക് കോഹ്‌ലി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോഹ്‌ലിക്ക് എതിരേയും സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ നിറഞ്ഞു. എന്നാൽ കോഹ്‌ലിയുടെ 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേർക്ക് ബലാത്സംഗ ഭീഷണി ഉയർന്നതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.