Thu. Dec 19th, 2024
ഗ്ലാസ്​ഗോ:

സ്കോട്ട്‌ലന്‍ഡിലെ ​ഗ്ലാസ്​ഗോയില്‍ യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാ​ഗമായി ലോകനേതാക്കളുടെ സമ്മേളനം ആരംഭിച്ചു. സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ ചേരുന്ന സമ്മേളനം ചൊവ്വാഴ്‌ചയും തുടരും. 12 വരെയാണ്‌ ഉച്ചകോടി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ഉച്ചകോടി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിയെ ജെയിംസ് ബോണ്ട് കഥയോട് ഉപമിച്ചാണ്‌ അദ്ദേഹം സംസാരിച്ചത്. ഭൂമി ഒരു ബോംബില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അതിനെ നിർവീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.

ആ​ഗോള താപനില ഇതിനകം 1.1 ഡിഗ്രി സെൽഷ്യസ് ആയിട്ടുണ്ട്. നിലവിലെ പ്രവചനങ്ങൾ അനുസരിച്ച് രണ്ടായിരത്തി ഒരുനൂറോടെ ഇത് 2.7 ഡി​ഗ്രി ആവും. ഇതിനെതിരെ ഇപ്പോള്‍മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങണമെന്നും ജോൺസൺ പറഞ്ഞു. സമ്മേളനത്തിനായി ഒത്തുകൂടിയ നൂറ്റിമുപ്പതിലധികം ലോക നേതാക്കളുടെ ശരാശരി പ്രായം 60നു മുകളിലാണ്‌.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും ദോഷകരമായി ബാധിക്കുന്ന തലമുറകൾ ഇനിയും ജനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹ് തുടങ്ങിയവർ തിങ്കളാഴ്ച വേദിയിലെത്തി. ​

അന്തരീക്ഷ താപനില 1.5- ഡിഗ്രി സെൽഷ്യസില്‍ പരിമിതപ്പെടുത്തുക, രണ്ടായിരത്തി അമ്പതോടെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലെത്തുക എന്നിവയിലൂന്നിയാണ് ഉച്ചകോടി. ചൈന, റഷ്യ, തുർക്കി, മെക്‌സിക്കോ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ എത്തിയിട്ടില്ല. ഇവരുടെ പ്രതിനിധികള്‍ സംസാരിക്കും.