Thu. Jan 23rd, 2025
കാബൂള്‍:

മരിച്ചെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെ താലിബാന്‍ ഉന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സാദ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ സിറ്റിയിലാണ് അഖുന്‍സാദ എത്തിയതെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് ശേഷവും അഖുന്‍സാദ പൊതുപരിപാടികളില്‍ പങ്കെടുക്കകയോ ആളുകള്‍ക്ക് മുന്നിലെത്തുകയോ ചെയ്തിരുന്നില്ല.

തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. കാണ്ഡഹാറിലെ മതപഠനശാലയായ ജാമിയ ദാറുല്‍ അലൂം ഹകീമിയയില്‍ അഖുന്‍സാദ സന്ദര്‍ശനം നടത്തിയെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു നേതാവ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സെപ്റ്റംബറിലാണ് താലിബാന്‍ അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാറിന് രൂപം നല്‍കിയത്. ഇറാന്‍ മാതൃകയില്‍ രാജ്യത്തിന്റെ പരമോന്നത നേതാവായി അഖുന്‍സാദ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഭരണരംഗത്ത് പ്രത്യക്ഷമായി അഖുന്‍സാദ ചുമതലകള്‍ ഏറ്റെടുത്തില്ല.