മൂലമറ്റം:
മൂലമറ്റം: മൂലമറ്റം ടൗണിന് അരികിലൂടെ ഒഴുകുന്ന നച്ചാർ തോടിനെ കനാലിന് മുകളിലൂടെ കടത്തിവിടുന്ന സൂപ്പർ പാസ് 20 ലേറെ ഉരുളും മലവെള്ളപ്പാച്ചിലും അതിജീവിച്ചു. ചേറാടി, പതിപ്പള്ളി പ്രദേശങ്ങളിലെ ഉരുൾപൊട്ടി എത്തിയ വെള്ളം സൂപ്പർപാസിന് മുകളിലൂടെയാണ് ഒഴുകിയത്. ഇതുവഴി ഒഴുകിയെത്തിയ വെള്ളമാണ് താഴ്വാരം കോളനിയിൽ സംഹാരതാണ്ഡവമാടിയത്.
മരങ്ങളും ചളിയും കല്ലും ഒഴുകിയെത്തി തീരങ്ങൾ തകർത്തെങ്കിലും സൂപ്പർപാസ് കുലുങ്ങിയില്ല. മലവെള്ളം പാഞ്ഞെത്തി സൂപ്പർപാസ് കവിഞ്ഞ് വെള്ളം കനാലിലൂടെയാണ് ഒഴുകിയത്.മൂലമറ്റം വൈദ്യുതി നിലയത്തിൻറെ നിർമാണ കാലത്ത് കനാൽ നിർമിച്ചപ്പോൾ ഇതുവഴി കുറുകെയൊഴുകുന്ന നച്ചാർ തിരിച്ചുവിടാൻ മാർഗമില്ലായിരുന്നു.
വൈദ്യുതി നിലയത്തിൻറെ നിർമാണത്തിന് നേതൃത്വം വഹിച്ച കനേഡിയൻ എൻജിനീയർമാരാണ് കനാലിന് മുകളിലൂടെ പാലം നിർമിച്ച് നച്ചാറിനെ തിരിച്ചുവിട്ടത്.ശക്തമായ മലവെള്ളപ്പാച്ചിലുകൾ സൂപ്പർപാസിന് മുകളിലൂടെ കടന്നുപോയിട്ടുണ്ട്. ഇത്തവണ എത്തിയ മലവെള്ളപ്പാച്ചിലിൽ സൂപ്പർ പാസിെൻറ പകുതിയോളം ഭാഗം മണ്ണും ചളിയും നിറഞ്ഞു. ഇവ മാറ്റിയാലെ നച്ചാറിന് സൂപ്പർപാസിന് മുകളിലൂടെ സുഗമമായി ഒഴുകാൻ കഴിയൂ.