ചാലക്കുടി:
പാടശേഖരങ്ങൾ ആഴ്ചകളായി വെള്ളത്തിനടിയിലായതോടെ കൃഷിയിറക്കാനാകാതെ കർഷകർ ദുരിതത്തിൽ. കൊരട്ടി മേഖലയിലാണ് നൂറിൽപ്പരം ഏക്കർ പാടശേഖരം വെള്ളത്തിലായത്. ചെറുവാളൂർ, കൊരട്ടിച്ചാൽ, വെസ്റ്റ് കൊരട്ടി പാടശേഖരങ്ങളിലെ കർഷകരാണ് പ്രയാസത്തിലായത്. തുടർച്ചയായുണ്ടായ മഴയിൽ വയലുകളിലെല്ലാം വെള്ളം നിറഞ്ഞു.
30 ദിവസത്തിനുള്ളിൽ നടേണ്ടിയിരുന്ന ഞാറ് 65 ദിവസം കഴിഞ്ഞിട്ടും നാടാനായിട്ടില്ല. മഴയ്‌ക്ക് മുമ്പേ ഞാറ് വെള്ളക്കെട്ടിൽ ചീഞ്ഞ് നശിച്ചു. കൃഷിയിറക്കാൻ പാടമൊരുക്കിയ കർഷകർക്കും കനത്ത മഴ വലിയ നഷ്ടമാണ് .
വെള്ളം മാറിയാൽ കൃഷിയിടം ഒരുക്കലും ഞാറ് നടലും വൻ സാമ്പത്തിക ബാധ്യ വരുത്തിവയ്‌ക്കും. ഞാറ് ചീഞ്ഞതിന്റെ നഷ്ടത്തിന് പരിഹാരമായി വിത്ത് മാത്രമാണ് കൃഷിവകുപ്പിൽ നിന്നും ലഭിക്കൂ.വരമ്പെടുത്ത് കൃഷിയിടം ഒരുക്കിയതടക്കമുള്ള നഷ്ടം കർഷകർ വഹിക്കണം.
പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന കൊരട്ടിച്ചാലിന്റെ സംരക്ഷണ ഭിത്തികൾ തകർന്നതാണ് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാൻ കാരണം.കൊരട്ടിച്ചാൽ സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം മാത്രമാണ് പൂർത്തീകരിച്ചത്. രണ്ടാംഘട്ടത്തിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി ആരംഭിക്കാനായില്ല.