റോം:
കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതാനുറച്ച് രണ്ടുദിവസമായി ഇറ്റലിയിൽ നടന്ന ജി20 ഉച്ചകോടിക്ക് സമാപനം. കാർബൺ വാതകം പുറന്തള്ളുന്നത് കുറക്കാനും കൽക്കരി നിലയങ്ങൾ നിർമിക്കുന്നത് അവസാനിപ്പിക്കാനും തീരുമാനിച്ച് ജി20 നേതാക്കൾ പിരിഞ്ഞത്.
വിദേശരാജ്യങ്ങളിൽ കൽക്കരി ഊർജനിലയങ്ങൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിക്കാൻ ജി20 രാജ്യങ്ങൾ തീരുമാനിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ മുഖ്യ ഉറവിടമാണ് കൽക്കരി. അതേസമയം, ആഭ്യന്തര ഉർജ ഉൽപ്പാദനത്തിനായി കൽക്കരി നിലയങ്ങൾ സ്ഥാപിക്കുന്നതിന് തൽകാലം വിലക്കില്ല.
കൽക്കരി നിലയങ്ങൾ അവസാനിപ്പിച്ച് പകരം പുനരുപയോഗ ഊർജസ്രോതസ്സുകൾ ഉപയോഗിക്കാനുള്ള നിർദേശമാണ് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി മുന്നോട്ടുവെച്ചത്. ലഭ്യമായ പ്രകൃതി വിഭവങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സാങ്കേതിക വിദ്യകളും ജീവിതരീതികളും അദ്ദേഹം ആവശ്യപ്പെട്ടു.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ പ്രതിവർഷം 100,00കോടി ഡോളർ നൽകുമെന്ന വാഗ്ദാനവും ആവർത്തിച്ചു. 2050ഓടെ കാർബൺ വാതകം പുറന്തള്ളുന്നത് പൂർണമായി കുറക്കാൻ ശ്രമിക്കുമെന്ന് ചില രാജ്യങ്ങൾ ഉറപ്പുനൽകി. 2060 ഓടെ ഈ ലക്ഷ്യം നേടാമെന്ന് ചൈന,റഷ്യ, സൗദി അറേബ്യ രാജ്യങ്ങളും പറഞ്ഞു.