Sun. Feb 23rd, 2025
എറണാകുളം:

എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മിസ് കേരള 2019 അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് ഇന്നലെ അർധരാത്രി നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. ബൈപ്പാസ് റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലാണ് വാഹനം. വാഹനത്തിൻ്റെ ഇടതുവശവും മുൻവശവും പൂർണമായി തകർന്നു.

ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു.

നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ എറണാകുളം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണ്. മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങളും ഇവിടെത്തന്നെയാണ് ഉള്ളത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.