ന്യൂഡൽഹി:
കേരളത്തിലെ നദികളിലെ വര്‍ദ്ധിക്കുന്ന മലിനീകരണത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിര്‍ദ്ദേശവുമായി ദേശീയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ണ്ണായക ഉത്തരവ്. കരമനയാര്‍, പെരിയാര്‍, തിരൂര്‍, പൊന്നാനി നദി മലിനീകരണവുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സര്‍ക്കാരിനെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ഹരിത ട്രൈബ്യുണല്‍ ഇടപെടല്‍.
മലിനമായ നദികളെ പുനരുജ്ജീവിപ്പിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ വി രാമകൃഷ്ണപ്പിള്ള അധ്യക്ഷനായ സമിതിയെ നിയമിച്ചു. പെരിയാറിലേക്ക് ആശുപത്രി മാലിന്യങ്ങള്‍ ഒഴുക്കുന്നത് തടയുന്നതിന് പദ്ധതി തയ്യാറാക്കാന്‍ മറ്റൊരു സമിതിക്കും രൂപം നല്‍കി.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കാന്‍ നദികള്‍ മലിനമാക്കുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്ന് ട്രൈബ്യുണല്‍ പ്രിന്‍സിപ്പല്‍ ബഞ്ച് പറഞ്ഞു. സര്‍ക്കാര്‍ കടലാസ് പദ്ധതികള്‍ ഉണ്ടാക്കി ഭരണഘടനാ ബാധ്യത നിറവേറ്റാതിരിക്കുകയാണ്. മലിനീകരണത്തിന് കാരണമായ എല്ലാ പ്രവര്‍ത്തനങ്ങളും അടച്ചു പൂട്ടണം. നദികള്‍ മലിനമാക്കുന്നവരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് നഷ്ടപരിഹാരം ഈടാക്കുന്നില്ലെന്നാണ് ട്രൈബ്യുണലിന്റെ ചോദ്യം.
ഈ അലംഭാവത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നഷ്ടപരിഹാരവും ഗ്യാരണ്ടിയും ഈടാക്കാമെന്നും ട്രൈബ്യുണല്‍ അറിയിച്ചു.
കേസില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഏപ്രില്‍ 25ന് നേരിട്ടു ഹാജരാകണം. അന്നേ ദിവസം സര്‍ക്കാരില്‍ നിന്ന് ഈടാക്കേണ്ട നഷ്ടപരിഹാരം വ്യക്തമാക്കി ഉത്തരവ് ഇറക്കും. നദികളെ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ വി രാമകൃഷ്ണപ്പിള്ള അധ്യക്ഷനായ സമിതിയെ ട്രൈബ്യുണല്‍ ചുമതലപ്പെടുത്തി.
അതേസമയം പെരിയാറിലേക്ക് ആശുപത്രി മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് നിരീക്ഷിക്കാന്‍ സംവിധാനമില്ലെന്ന് അറിയിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ട്രൈബ്യുണല്‍ താക്കീത് നല്‍കി. ബോര്‍ഡ് ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യുണല്‍ നടപടി രേഖ തയ്യാറാക്കാന്‍ കേന്ദ്ര സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേക സമിതിക്ക് രൂപം നല്‍കി.