Mon. Jan 27th, 2025

#ദിനസരികള്‍ 656

ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു വിശ്വാസപ്രമാണങ്ങള്‍ തമ്മിലുള്ള ഇടംതിരിയലുകളാണെങ്കില്‍ ഫാഷിസം അടക്കി ഭരിക്കലുകളെയാണ് അര്‍ത്ഥമാക്കുന്നതെന്നതുകൊണ്ട് മതവര്‍ഗ്ഗീയത ഫാഷിസമാകുന്നില്ല എന്നൊരു ധാരണയിലാണ് ഒരു കാലത്ത് നാം പുലര്‍ന്നു പോന്നത്.

ഇതേ ആശയത്തെ പിന്‍പറ്റിക്കൊണ്ട് ചില പരാമര്‍ശങ്ങള്‍ എം എന്‍ വിജയനും പ്രകടിപ്പിച്ചിട്ടുണ്ട്. ആറെസ്സെസിന് ഒരിക്കലും ഇന്നു കാണുന്ന തരത്തിലുള്ള മേല്‍‌ക്കോയ്മകള്‍ ഉണ്ടാകുമെന്ന് സങ്കല്പിച്ചെടുക്കാന്‍ ഒരു കാലത്ത് നമ്മുടെ ചിന്തകന്മാര്‍ പരാജയപ്പെട്ടിരുന്നു. ആ പരാജയത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടുകൂടിയാകണം “ഭൂരിപക്ഷ വർഗ്ഗീയതയെ കുറേക്കാലത്തേക്ക് ഞാന്‍ ഫാഷിസമെന്ന് വിളിച്ചിരുന്നില്ല. ഇന്ന് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ഹിന്ദുവര്‍ഗ്ഗീയത ഫാഷിസത്തിന്റെ എല്ലാ ലക്ഷണങ്ങളോടെയും രംഗത്തെത്തിയിരിക്കുന്നു” എന്ന് ശ്രീ കെ എന്‍ പണിക്കര്‍ എഴുതുന്നത്.

ആകസ്മികങ്ങളെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ “സംഭവങ്ങളെ ഉണ്ടാക്കിക്കൊണ്ടാണ്” ഫാഷിസം സമൂഹത്തില്‍ തങ്ങളുടേതായ ആശയങ്ങളെ സ്ഥാപിച്ചെടുക്കുന്നത്. ഏറ്റവും അടുത്ത കാലത്ത് യു പിയിലെ ബുലെന്ദ് ശഹറില്‍ നടന്ന കലാപം നോക്കുക. മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു ആഘോഷത്തിന്റെ ദിവസം, എപ്പോഴോ കൊല്ലപ്പെട്ട ഒരു പശുവിന്റെ പേരില്‍ ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അന്നു നടന്നത്.

ഈ കലാപത്തിന്റെ മറവില്‍ ഉന്നം വെച്ച ലക്ഷ്യം, സംഘപരിവാരത്തിന്റെ നോട്ടപ്പുള്ളിയായ സുബോധ് കുമാര്‍ എന്ന ഓഫീസറെ വകവരുത്തുകയെന്നതായിരുന്നു. സംഘര്‍ഷത്തില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി മാറ്റി, ആദ്യം മഴുകൊണ്ട് കൈവിരലുകള്‍ മുറിക്കുകയും പിന്നെ വെടിവെച്ചു കൊല്ലുകയും ചെയ്തുവെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആകസ്മികമായ ഒരു സംഭവമാണിതെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ ഭരണകക്ഷിയായ ബി ജെ പിയുടേയും സംഘപരിവാരത്തിന്റേയും മേല്‍നോട്ടത്തില്‍ നടന്നു.

പശുവിനെ അറുത്തവരെയാണ് ആദ്യം അറസ്റ്റുചെയ്യേണ്ടതെന്ന് യു പിയുടെ മുഖ്യമന്ത്രിയായ ആദിത്യനാഥ് ആവശ്യപ്പെട്ടത് ഓര്‍മ്മിക്കുക. മുഹമ്മദ് അഖ്‌ലാക്കിനെ തല്ലിക്കൊല്ലാന്‍ കാരണമായി പറഞ്ഞത് പശുവിറച്ചി സൂക്ഷിച്ചു എന്നതായിരുന്നു. അത് പശുവിറച്ചിയല്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയും യാതൊരു ഭീഷണികളേയും കൂസാതെ ധൈര്യമായി അന്വേഷണത്തെ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാറെന്ന് മനസ്സിലാക്കുമ്പോഴാണ് കലാപത്തിന്റെ ഉദ്ദേശങ്ങളെ നാം കൂടുതല്‍ മനസ്സിലാക്കുക.

ഇങ്ങനെ രാജ്യത്താകമാനം ചെറിയ ചെറിയ സംഭവങ്ങളെ ഉണ്ടാക്കിയെടുത്തുകൊണ്ട് ഫാഷിസ്റ്റ് ആശയങ്ങള്‍ സാധാരണക്കാരന്റെ മനസ്സിലേക്ക് അടിച്ചു കയറ്റുന്ന രീതിയെക്കുറിച്ച് പണിക്കര്‍ എടുത്തു പറയുന്നുണ്ട്. “ചെറുതും വലുതുമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറി വരികയും ഫാഷിസത്തിന്റെ ആശയങ്ങളെ നാം ഉള്‍‌ക്കൊള്ളുകയും ചെയ്യുകയാണ്. ഇതൊരു കീഴ്‌പ്പെടുത്തലാണ്. എങ്കില്‍ പോലും കീഴ്‌പ്പെടാന്‍ നമ്മുടെ മനസ്സുകള്‍ തയ്യാറാണ് എന്നതുകൊണ്ടുകൂടിയാണ് ഇതു സംഭവിക്കുന്നത്.”

ഇങ്ങനെ തയ്യാറായിരിക്കുന്ന മനസ്സുകളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ഫാഷിസത്തിന് കഴിയുന്നു. കേരളത്തില്‍ത്തന്നെ ശബരിമലയെ അവര്‍ ഉപയോഗിച്ചത് അത്തരം നീക്കങ്ങള്‍ക്ക് ഉദാഹരണമാണ്. വിശ്വാസത്തിന് കോട്ടം തട്ടിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുവെന്ന പ്രചണ്ഡമായ പ്രചാരണത്തില്‍ വര്‍ഗ്ഗീയ വിരുദ്ധമായ കാഴ്ചപ്പാടുകളുള്ളവര്‍ പോലും ദയനീയരായി കടപുഴകി വീഴുന്നത് നാം കണ്ടു.

സര്‍ക്കാര്‍ തിരക്കു കാണിച്ചുവെന്നും, ഒരു കുഴപ്പവുമില്ലാതിരുന്ന ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നുമുള്ള ധാരണ പരത്താന്‍ പരിവാരത്തിന് കഴിഞ്ഞു. ഇതോടെ കേരളത്തില്‍ ഇടതുപ്രസ്ഥാനങ്ങളുടെ അവസാനമായി എന്നാണ് ആദ്യമാദ്യം പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ കാര്യങ്ങള്‍ വിപരീതദിശയിലാണ് സഞ്ചരിച്ചതെന്നതും നാം കണ്ടു.

പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ മതനിരപേക്ഷമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്ത് വളരെ കുറവായി മാത്രമേ നടന്നിട്ടുള്ളു. നാം ശീലിച്ചു പോന്നിട്ടുള്ളതെല്ലാം ഏതെങ്കിലും മതത്തിന്റേതായ സ്വാധീനങ്ങളിലേക്ക് കാര്യങ്ങളെ എത്തിച്ചുകൊണ്ട് ചെയ്തുതീര്‍ക്കുവാനാണ്. ഭരണഘടനയില്‍ ദൈവത്തെ സ്ഥാപിച്ചെടുക്കാന്‍ തുനിഞ്ഞ എച്ച് വി കാമത്തിനെപ്പോലെയുള്ളവരെ എതിര്‍ത്തു നില്ക്കാന്‍‌ അംബേദ്‌കര്‍മാരില്ലാത്ത ഇക്കാലങ്ങളെ നാം വളരെ സൂക്ഷിക്കേണ്ടതു തന്നെയാണ്. വളരെ ലളിതമായി നാം പിന്‍പറ്റുന്ന മതാധിഷ്ഠിതചര്യകളെ പിന്‍പറ്റി കടന്നുവരുന്നത് വളരെയേറെ കൈകളുള്ള ഫാഷിസ്റ്റു നീരാളിതന്നെയാണ്.

എതിരായി പുറത്തേയ്ക്ക് ചില ശബ്ദങ്ങളെ ഉയരാന്‍‌ അനുവദിക്കുന്നതുകൊണ്ട് ഇവിടെ ഫാഷിസത്തിന്റെ മുനകള്‍ എത്തിയിട്ടില്ലെന്നു വാദിക്കുന്നത് മൌഡ്യമാണ്. അടിത്തട്ടിലാകെ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്. എനിക്ക് കൂവാനുള്ള അവകാശവും അവസരവും ലഭിച്ചിരിക്കുന്നുവെന്നതുകൊണ്ട് എല്ലാവര്‍ക്കും അതേ അവകാശവും അവസരവുമുണ്ട് എന്ന് ജനറലൈസ് ചെയ്യുന്നത് അപകടകരവും അപക്വവുമാണ്.

 വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *