Wed. Jan 22nd, 2025

തിരുവനന്തപുരം:

ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ക്ക് ചെവികൊടുക്കാതെ പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചു. അൻവറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ, വിവാദ വാട്ടര്‍ തീം പാര്‍ക്ക് എന്നിവയെല്ലാം നിയമനടപടി നേരിടുന്നതിനിടെയാണ് പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചത്.

രണ്ടരവര്‍ഷം കൂടുമ്പോഴാണ് നിയമസഭാസമിതികള്‍ പുനഃസംഘടിപ്പിക്കുന്നത്. നിലവിലുള്ള സഭ രണ്ടര വര്‍ഷം തികച്ചതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എല്ലാ സമിതികളും പുനഃസംഘടിപ്പിച്ചത്. മുല്ലക്കര രത്നാകരന്‍ അദ്ധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതിയില്‍ പരിസ്ഥിതി വിഷയത്തില്‍ ആരോപണ വിധേയനായ പി വി അന്‍വറിന്‍റെ പേര് വന്നത് നേരത്തെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

പി വി അന്‍വര്‍ എം എല്‍ എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് നേരത്തെ പെരിന്തല്‍മണ്ണ ആര്‍ ഡി ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്‍വര്‍ എം എല്‍ എയുടെ നിയമലംഘനം സ്ഥിരീകരിച്ചാണ് ആര്‍ ഡി ഒ റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്നാണ് ആര്‍ ഡി ഒ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചീങ്കണ്ണിപ്പാലിയില്‍ റോപ്പ്‌വേയും തടയണയും നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 14 പേജുള്ള റിപ്പോര്‍ട്ടാണ് ആര്‍ ഡി ഒ സമര്‍പ്പിച്ചത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളും സഹിതമാണ് റിപ്പോര്‍ട്ട്. വനംവകുപ്പും പഞ്ചായത്തും അന്‍വറിന്റെ നിയമലംഘനം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിസ്ഥിതി സമിതി അംഗമായിരിക്കെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന ഗുരുതര ആരോപണത്തിന് വിധേയനായതിനെ തുടര്‍ന്ന് സ്പീക്കര്‍ എം എല്‍ എയോട് വിശദീകരണം തേടുമെന്ന് അറിയിച്ചിരുന്നു.

ഇത്തരത്തില്‍ ഗുരുതരമായ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു എന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സ്ഥിരീകരിച്ച ആളെയാണ് വീണ്ടും പരിസ്ഥിതി സമിതിയില്‍ തുടരാന്‍ അവസരം നല്‍കിയിരിക്കുന്നത്. മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച ഒന്‍പതംഗ നിയമസഭ സമിതിയില്‍ ആണ് നേരത്തെ പി വി അന്‍വറിനെയും ഉള്‍പ്പെടുത്തിയത്.

ഇതേത്തുടര്‍ന്ന് നിരവധി പരാതികളും ഉണ്ടായിരുന്നു. എന്നാല്‍ സമിതിയുടെ കാലാവധി 2019 ജനുവരി 25ന് അവസാനിച്ചതോടെ സമിതിയില്‍ മാറ്റങ്ങളൊന്നും കൂടാതെ തുടരാന്‍ സ്പീക്കര്‍ അനുമതി നല്‍കുകയാണുണ്ടായത്. മുല്ലക്കര രത്നാകരനെയും പി വി അന്‍വറിനെയും കൂടാതെ അനില്‍ അക്കര, കെ.ബാബു, ഓ.ആര്‍ കേളു, പി.ടി.എ റഹിം, കെ.എം ഷാജി, കെ.വി വിജയദാസ്, എം.വിൻ‌സന്റ്, എന്നിവരാണ് സമിതിയില്‍ ഉള്ളത്.

അതെ സമയം തുടര്‍ച്ചയായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന പി സി ജോര്‍ജിനെ നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ജോര്‍ജിനെ ഒഴിവാക്കി. പകരം അനൂപ് ജേക്കബിനെ ഉള്‍പ്പെടുത്തി. എ. പ്രദീപ്‌കുമാറാണ് സമിതിയുടെ അധ്യക്ഷന്‍. കന്യാസ്ത്രീയെ അവഹേളിച്ചതില്‍ സമിതി നേരത്തെ ജോര്‍ജില്‍ നിന്ന് തെളിവെടുത്തിരുന്നു. സഭയ്ക്കുപുറത്ത് കെ.ആര്‍. ഗൗരിയമ്മയെ കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജോര്‍ജിനെ ശാസിച്ചിരുന്നു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ നിയമസഭാസമിതിയുടെ ശാസന ഏറ്റുവാങ്ങിയ ഏക അംഗവും ജോര്‍ജാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സദാചാര സമിതിയില്‍ അംഗമാകണമെന്ന് ജോര്‍ജ് തന്നെ ആവശ്യപ്പെടുകയായിരുന്നു. സ്പീക്കര്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു. തനിക്കെതിരേയുള്ള പരാതി പരിഗണിച്ച സമിതിയോഗങ്ങളില്‍ ചട്ടമനുസരിച്ച്‌ ജോര്‍ജ് പങ്കെടുത്തിരുന്നില്ല.

പരിസ്ഥിതിലംഘനം സംബന്ധിച്ച്‌ അന്‍വറിനെതിരെയും സ്പീക്കര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു. അവ സര്‍ക്കാരിലേക്ക് അയച്ചു. എന്നാല്‍ ചട്ടലംഘനം സംബന്ധിച്ച്‌ അന്‍വറിനെതിരെ കേസൊന്നും നിലവിലില്ലെന്നാണ് പരിസ്ഥിതിവകുപ്പ് സഭയെ അറിയിച്ചത്. അതേ സമയം കണ്‍മുന്നില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടും പി.വി അന്‍വറിന്‍റെ കക്കാടംപൊയിലിലെ പാര്‍ക്ക് അപകടമേഖലയിലല്ലെന്നാണ് കൂടരഞ്ഞി പഞ്ചായത്തിന്‍റെ നിലപാട്.

ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് പരിസ്ഥിതി ആഘാതപഠനം നടത്താൻ ജിയോളജി വകുപ്പും സി ഡബ്ല്യൂ ആര്‍ ഡി എമ്മിലെ ഉദ്യോഗസ്ഥരും കക്കാടംപൊയിലിൽ എത്തിയിരുന്നു. എന്നാൽ പഠനം നടത്താതെ കാലാവസ്ഥയെ കുറ്റം പറഞ്ഞ് സംഘം മടങ്ങി. പാർക്കിന് ദുരന്തനിവരാണ അതോറിറ്റി സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *