തിരുവനന്തപുരം:
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്.
2012 ലും 2013 ലും 2014 ലും 2016 ലും നടത്തിയ സമരത്തെ തുടർന്ന് സർക്കാർ ഒപ്പുവെച്ച കരാർ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ അമ്മമാരും സാമൂഹ്യ പ്രവര്‍ത്തകരും പട്ടിണി സമരം ആരംഭിച്ചത്. കൂടംകുളം സമരനായകൻ എസ്.പി. ഉദയകുമാർ സമരം ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങില്‍ മുനീസ അമ്പലത്തറ സമരത്തിന്‍റെ സാഹചര്യം വിശദ്ധീകരിച്ചു. വി.എം. സുധീരൻ, ദയാഭായ് തുടങ്ങിയവർ സംസാരിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആരംഭിക്കുന്ന പട്ടിണി സമരത്തില്‍ നിന്ന് പിന്മാറാനുള്ള സര്‍ക്കാര്‍ അഭ്യര്‍ഥന തള്ളുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാഭായി നേരത്തെ അറിയിച്ചിരുന്നു. ആദ്യം ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കട്ടെയെന്ന് ദയാഭായി തിരുവനന്തപുരത്ത് പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള അനുകൂല്യങ്ങൾ പട്ടികയിലുള്ള മുഴുവന്‍ ദുരിതബാധിതര്‍ക്കും ഉടന്‍ നടപ്പിലാക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദുരിതബാധിതരുടെ കടങ്ങൾ എഴുതി തള്ളുന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം മാറ്റിവെച്ചു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് ഇപ്പോള്‍ വീണ്ടും പട്ടിണി സമരം ആരംഭിച്ചിരിക്കുന്നത്.
പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ പെടുത്തുക, ആവശ്യമായ ചികിത്സ ജില്ലയിൽ തന്നെ നൽകാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പുതിയ ആവശ്യങ്ങള്‍. 2017 ൽ മെഡിക്കൽ ക്യാമ്പ് നടത്തിയപ്പോൾ 3888 രോഗബാധിതർ ക്യാംമ്പിൽ പങ്കെടുത്തിരുന്നു. ഇതില്‍ 287 പേരെ മാത്രമാണ് ലിസ്റ്റിൽ ജില്ലാ ഭരണകൂടം ഉൾപ്പെടുത്തിയത്. ദുരന്തബാധിതരായ അമ്മമാരുടെ പ്രതിഷേധത്തെ തുടർന്ന് 77 പേരെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താൻ തയ്യാറായെങ്കിലും അർഹരായ 1532 പേർ ഇപ്പോഴും ലിസ്റ്റിനു പുറത്താണ് എന്നാണ് ഇവരെയും കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്നതാണ് പുതിയ ആവശ്യമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016 ജനുവരി 26 നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ ‘അനിശ്ചിതകാല പട്ടിണിസമരം’ നടത്തിയിരുന്നു. സി.പി.ഐ.എമ്മും സി.പി.ഐയും ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ അന്ന് സമരത്തിന് പിന്തുണയുമായി എത്തി. സമരത്തിന് എല്ലാവിധ സഹായങ്ങളുമായി അവർ ഒപ്പമുണ്ടായിരുന്നു. 9 ദിവസം നീണ്ട സമരത്തിനൊടുവില്‍ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതോടെയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വീണ്ടും സമരം ആരംഭിച്ചത്.
ദുരിത ബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാൻ നടപടി എടുത്തു എന്ന് പറയുന്ന സര്‍ക്കാര്‍ മുഴുവൻ ദുരിതബാധിതർക്കും അഞ്ചുലക്ഷം രൂപയും ആജീവനാന്തചികിത്സയും നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ പലപ്പോഴായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കാത്ത സാഹചര്യത്തില്‍ തങ്ങളുടെ മുന്നില്‍ സമരം അല്ലാതെ മറ്റു മാര്‍ഗം ഇല്ലെന്നാണ് പന്ത്രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
2016 ലാണു സെക്രട്ടേറിയറ്റ് പടിക്കല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരുടെ ആദ്യത്തെ പട്ടിണിസമരം നടന്നത്. 9 ദിവസമായിരുന്നു അന്നത്തെ സമരം. 2018 ജനുവരി 30ന് ഒറ്റദിവസത്തെ പട്ടിണിസമരം നടത്തി. പിന്നീടു ഡിസംബര്‍ 10നു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തി. എന്നിട്ടും ആവശ്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ അധികൃതര്‍ തയാറാവാത്ത സാഹചര്യത്തിലാണു പട്ടിണിസമരവുമായി അമ്മമാര്‍ ഒരിക്കല്‍ക്കൂടി വണ്ടികയറിയത്.
അതേസമയം സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്‍റെ മൂന്ന് ഗഡുക്കളും നല്‍കി എന്നാണു വാര്‍ത്തകുറിപ്പ് അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.