പാലക്കാട്:
പുതൂര്‍ പഞ്ചായത്തിലെ ഊരടം ഊരിലെ മണികണ്ഠന്‍, വിനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവാക്കള്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
തമിഴ്‌നാട്ടിലെ കിണ്ണക്കരയിലേക്ക് അരിവാങ്ങാന്‍ പോയ തങ്ങളെ പോലീസ് വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിനീഷ് ‘വോക്ക് മലയാള’ത്തോട് പറഞ്ഞു. സമീപത്തുള്ള റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞതിനാലാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും, ഇരുവരെയും രണ്ട് മണിക്കൂളോളം സമയം കിണ്ണക്കര ഔട്ട്പോസ്റ്റില്‍ പൊലീസ് തടഞ്ഞുവെച്ചതായും വിനീഷ് പറഞ്ഞു. ഊരടം ഊരിലുള്ളവരും നാട്ടുകാരും കിണ്ണക്കരയിലെ ഔട്ട്പോസ്റ്റിലെത്തി ബഹളം വെച്ചതോടെയാണ് ഇവരെ വിട്ടയത്.
ഊരടത്തെ വീടിനു സമീപത്തുള്ള റിസോര്‍ട്ടിന് വേണ്ടി തങ്ങള്‍ ജോലി ചെയ്തിരുന്നതായും അതിന്‍റെ കൂലി ഇനത്തില്‍ കിട്ടാനുള്ള ആയിരത്തി നാനൂറ് രൂപ ചോദിച്ചത് ആയിരിക്കാം തങ്ങളെ മര്‍ദ്ദിക്കാന്‍ കാരണം എന്ന് വിനീഷ്, വോക്ക് മലയാളത്തോട് പറഞ്ഞു. നിങ്ങൾ റൗഡികളാണോ എന്ന് ചോദിച്ചാണ് കിണ്ണക്കര ഔട്ട്പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥന്‍ തങ്ങളെ മര്‍ദ്ദിച്ചതെന്നും, മര്‍ദ്ദിക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ചുവെന്നും വിനീഷ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാക്കളില്‍ നിന്ന് ഇന്നലെ അഗളി പോലീസ് എത്തി മൊഴി രേഖപ്പെടുത്തി. സംഭവം നടന്നത് തമിഴ്‌നാട് ഏരിയയില്‍ ആയതിനാല്‍ തമിഴ്‌നാട് പോലീസ് ആണ് കേസെടുക്കേണ്ടത് എന്നാണ് അഗളി പോലീസ് വോക്ക് മലയാളത്തോട് പറഞ്ഞത്.
അതേ സമയം ആദിവാസി യുവാക്കള്‍ മര്‍ദ്ദിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക് ഇന്നലെത്തന്നെ റിപ്പോര്‍ട്ട് നല്‍കിയതായി ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ കൃഷ്ണപ്രകാശ് വോക്ക് മലയാളത്തോട് പറഞ്ഞു.