Sun. Dec 22nd, 2024

 

വയനാട്:

1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതി നയങ്ങള്‍ക്കെതിരായിരുന്നു കുറിച്യരുടെ കലാപം. പഴശ്ശിരാജയ്ക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിന്‍റെ തന്നെ ഭാഗമാണ്.

1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്‍റെ പ്രത്യേക കണ്ണികളാണ് കുറിച്യര്‍. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.

കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തിൽ തിരുവിതാംകൂറുകാരായ അനേകം പടയാളികളും ഉണ്ടായിരുന്നു. യുദ്ധം ജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. അഭയം തേടി കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു എന്നാണ് ഐതിഹ്യം.

അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ് എന്നാണ് കരുതി വരുന്നത്. എന്നാല്‍ മാനന്തവാടി ചൂട്ടക്കടവിലെ സജീവന്‍റെയും മാനന്തവാടി നഗരസഭ ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാരദാ സജീവന്‍റെയും മകളായ സജ്‌നയ്ക്ക് ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റ് ബാറ്റിനോടും ബോളിനോടുമാണ് പ്രിയം. വയനാട് ചുരത്തിന് മുകളില്‍ നിന്ന് കേരളത്തിന്‍റെ വനിതാ ക്രിക്കറ്റ് ടീമിന്‍റെ തലവര തന്നെ മാറ്റിയെഴുതിയിരിക്കുകയാണ് കുറിച്യ വിഭാഗത്തില്‍ നിന്നുള്ള സജ്‌ന സജീവന്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൈസൂരില്‍ നടന്ന അണ്ടര്‍ 23 വുമണ്‍സ് ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ് ടീമിനെ പ്രതിനിധീകരിച്ച് വയനാട്ടില്‍ നിന്നെത്തിയ രണ്ടു പേരില്‍ ഒരാള്‍ സജ്‌നയായിരുന്നു. അണ്ട‌ർ 23 വനിതാ ക്രിക്കറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം നേടിയപ്പോൾ ടീമിനെ നയിച്ചത് സജ്‌നയായിരുന്നു. മത്സരത്തിലെ മിന്നുന്ന പ്രകടനമാണ് സജ്‌നയ്ക്ക് ചാലഞ്ചർ ട്രോഫി ടീമിലേക്കുള്ള വഴിതുറന്നത്.

വനിതകൾക്കിടയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ താരമെന്ന പദവിയും സജ്‌നയ്ക്ക് സ്വന്തമാണ്. കേരള സീനിയർ ടീമിന്‍റെ വൈസ്‌ ക്യാപ്റ്റൻ കൂടിയായ സജ്‌നയ്ക്ക് 2016-ലും 2017-ലും വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡും ലഭിച്ചിട്ടുണ്ട്. മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് സജ്‌നയുടെ ജീവിതം മുഴുവനായും ക്രിക്കറ്റിന്റെ വഴിയിലേക്ക് തിരിയുന്നത്. സ്കൂളിലെ കായികാധ്യാപിക കെ.എം. എൽസമ്മയാണ് തന്നെ ക്രിക്കറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയതെന്ന് സജ്‌ന പറയുന്നു. എൽസമ്മ ടീച്ചറുടെയും കേരള ക്രിക്കറ്റ് അക്കാദമി പരിശീലകൻ കെ.പി. ഷാനവാസ്, സെലക്ടർ അനുമോൾ ബേബി എന്നിവരുടെയും പിന്തുണയാണ് വലിയ നേട്ടങ്ങളിലേക്ക് നടന്നു കയറാന്‍ തന്നെ സഹായിച്ചതെന്നു സജ്‌ന വോക്ക് മലയാളത്തോട് പറഞ്ഞു.

ചാലഞ്ചർ ട്രോഫിയില്‍ വേദാ കൃഷ്ണമൂര്‍ത്തി നയിച്ച ഇന്ത്യ ഗ്രീന്‍ ടീമിലേക്കാണ് സജ്‌നയ്ക്ക് ആദ്യം സെലക്ഷന്‍ കിട്ടിയത്. തൃശ്ശൂർ കേരളവർമ കോളേജിൽനിന്ന്‌ ബി.എ. പൊളിറ്റിക്സിൽ ബിരുദം പൂർത്തിയാക്കിയ സജ്‌ന പോണ്ടിച്ചേരിയില്‍ നടക്കുന്ന സീനിയര്‍ ടി20 മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ക്രിക്കറ്റിനെ കൂടുതൽ ഗൗരവത്തിൽ കാണാൻ തുടങ്ങിയതുമുതൽ ഇന്ത്യൻ ടീമിൽ കളിക്കുക എന്നതാണ് സ്വപ്നമെന്ന് പറയുന്ന സജ്‌ന സജീവന്‍ ചാലഞ്ചർ ട്രോഫി ടൂർണമെന്റില്‍ കളിക്കാന്‍ അവസരം ലഭിച്ചതോടെ ലക്ഷ്യത്തിന് അടുത്തെത്തിയതായി കരുതുന്നു. വനിതാ ക്രിക്കറ്റിന് വലിയ പ്രാധാന്യമോ ശ്രദ്ധയോ ലഭിക്കാതിരുന്ന വയനാട്ടിൽ നിന്നാണ് ചലഞ്ചര്‍ ട്രോഫി വരെ നടന്നു കയറിയതെന്നത് സജ്‌നയുടെ നേട്ടങ്ങളെ നിറമുള്ളതാക്കുന്നുണ്ട്.

ചെറുപ്പംമുതലേ കായിക ഇനങ്ങളോടുള്ള സജ്‌നയുടെ താത്പര്യം നേട്ടങ്ങൾക്കു പിന്നിലുണ്ട്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ പ്ലാസ്റ്റിക് ബോളും ബാറ്റുമായി കൂട്ടുകാരോടൊപ്പം കളിച്ചുനടന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സ്കൂളിലെ കായികാധ്യാപിക കെ.എം. എൽസമ്മ, സജ്‌നയെ ക്രിക്കറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നത്.

അണ്ട‌ർ 23 വനിതാ ക്രിക്കറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം നേടിയ ശേഷം മികച്ച പിന്തുണയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കി വരുന്നതെന്ന് സജ്‌ന പറയുന്നു. ആലപ്പുഴയില്‍ നടന്ന അന്തര്‍ സംസ്ഥാന അണ്ടര്‍ 23 വനിതാ ക്രിക്കറ്റില്‍ തമിഴ്‌നാടിനെതിരെ ഗംഭീര ബാറ്റിംഗ് നടത്തി റെക്കോര്‍ഡിട്ടതോടെയാണ് സജ്‌ന സജീവന്‍ ശ്രദ്ധിക്കപ്പെടുന്നത്. അണ്ടര്‍ 23 വനിതാ ക്രിക്കറ്റില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് സജ്‌നയ്ക്ക് മുന്നില്‍ അന്ന് കീഴടങ്ങിയത്. 84 പന്തുകളില്‍ നിന്നാണ് അന്ന് സജ്ന 100 റണ്‍ തികച്ചത്. 91 പന്തുകളില്‍ നിന്ന് സെഞ്ചറി നേടിയ എസ് എസ് ഷിന്‍ഡെയുടെ റെക്കോര്‍ഡ് പഴങ്കഥയായതോടെ ബിസിസിഐയുടെ സൈറ്റിലും സജ്‌നയുടെ അതിവേഗ സെഞ്ച്വറി ഇടംനേടി.

പുറത്താകാതെ സജ്‌ന നേടിയ 120 റണ്‍സും 8.4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നേടിയ രണ്ട് വിക്കറ്റുമാണ് അന്ന് കേരളത്തിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കരുത്തായത്. ഓള്‍റൗണ്ടര്‍ പ്രകടനത്തിലൂടെ വളരെ പെട്ടെന്ന് തന്നെ ടീമിന്റെ നെടുംതൂണായി മാറാനും സജ്‌നക്ക് കഴിഞ്ഞു. അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലല്ലാത്തതിനാല്‍ അഞ്ചാം ക്ലാസ് വരെ വീട്ടില്‍ നിന്നാണ് പഠിച്ചത്.

ആറാം ക്ലാസില്‍ പൂക്കോട് റെസിഡന്‍ഷ്യന്‍ സ്‌കൂളായ ജെ.എം.ആര്‍.എസില്‍ ചേര്‍ന്നു. പ്ലസ് വണ്ണിന് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയപ്പോഴാണ് ക്രിക്കറ്റിനെ പ്രൊഫഷണലായി കാണാന്‍ തുടങ്ങിയത്. അണ്ടര്‍-19 കേരള ടീമിലേക്കുള്ള സെലക്ഷനാണ് ആദ്യം പോയത്. ആദ്യ ചാന്‍സില്‍ തന്നെ ടീമിലേക്കെടുത്തില്ല എന്ന് സജ്‌ന പറയുന്നു. പക്ഷേ അന്ന് ഒരു ഹാർഡ് ഹിറ്ററെപ്പോലെ എല്ലാ പന്തും അടിച്ചു വിട്ടിരുന്നു എന്നും ഒരുപക്ഷെ അത് കണ്ടാവണം ചെന്നൈയില്‍ നടന്ന ടൂര്‍ണമെന്റിലേക്കുള്ള കേരളത്തിന്റെ ടിട്വന്റി ടീമിലേക്ക് റിസര്‍വ് താരമായി തന്നെ എടുത്തതെന്നും സജ്‌ന പറയുന്നു.

ആ ടൂര്‍ണമെന്റിനിടെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളിക്കാന്‍ ഫസ്റ്റ് റിസര്‍വായ സജ്‌നയ്ക്ക് അവസരം കിട്ടി. 2012-13 വര്‍ഷത്തിലായിരുന്നു അത്. അതോടെയാണ് കേരളത്തിന്‍റെ ജഴ്‌സിയില്‍ സജ്‌ന സജീവന്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് സജ്‌നയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേ ഇല്ല.

കൃഷ്ണഗിരിയില്‍ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയതോടെയാണ് സജ്‌നയിലെ ക്രിക്കറ്റര്‍ വളര്‍ന്ന് പന്തലിച്ചത്. കൃഷ്ണഗിരിയില്‍ നടന്ന ഡല്‍ഹിയും രാജസ്ഥാനും തമ്മിലുള്ള രഞ്ജി ട്രോഫിക്കിടെ ഗൗതം ഗംഭീറിനെ കാണാന്‍ സാധിച്ചത് സജ്‌ന ഓര്‍ക്കുന്നുണ്ട്. അന്ന് സജ്‌നയുടെ ക്രിക്കറ്റിലെ മികവ് കണ്ട് ഗംഭീര്‍ ഒരു ബാറ്റ് സമ്മാനമായി നല്‍കി. ജീവിതത്തിലെ ഏറ്റവും വലിയ നിധിയായിട്ടാണ് സജ്‌ന അതിനെ കാണുന്നത്. എങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് എപ്പോഴും ഇഷ്ടതാരം.

സച്ചിന്റെ കളി കണ്ടാണ് ബാറ്റ് കൈയിലെടുത്തത് തന്നെയെന്നു സജ്‌ന പറയുന്നു. വനിതാ ക്രിക്കറ്റില്‍ മിതാലി ദീദിയും ഹര്‍മന്‍ ദീദിയുമാണ് സജ്‌നയുടെ പ്രിയപ്പെട്ട താരങ്ങള്‍. അച്ഛന്‍ സജീവനും അമ്മ ശാരദയും എപ്പോഴും പിന്തുണയോടെ കൂടെയുണ്ട്. അനിയന്റെ പേര് തന്നെ സച്ചിന്‍ എന്നാണ്. വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍ നിന്നാണ് തന്‍റെ വരവ് എന്നുള്ളത് കൊണ്ട് തന്നെ കുറിച്യരുടെ പോരാട്ടവീര്യം തന്റെ രക്തത്തിലുമുണ്ടെന്ന് സജ്‌ന ഉറപ്പിച്ച് പറയുന്നു.

വേദ കൃഷ്ണമൂര്‍ത്തിയും ജുലന്‍ ഗോസ്വാമിയും മിഥാലി രാജും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചലഞ്ചര്‍ ട്രോഫിയില്‍ ബാറ്റ് കൊണ്ടും പന്തു കൊണ്ടും പുതിയ ചരിത്രമെഴുതാന്‍ ഇറങ്ങിയപ്പോള്‍ സജ്‌നയ്ക്ക് കരുത്ത് നല്കിയതും അങ്ങനെയൊരു പോരാട്ടവീര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *