മധുര, തമിഴ്‌നാട്:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോദിക്കെതിരെ പ്രതിഷേധിച്ചത്. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. മധുരയില്‍ എയിംസിന് തറക്കല്ലിടുന്ന ചടങ്ങിനാണ് പ്രധാനമന്ത്രി എത്തിയത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു.
#GoBackModi
‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മോദി തമിഴ്‌നാടിനെ തിരിഞ്ഞു നോക്കിയില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഗജ ചുഴലിക്കാറ്റില്‍ 3 ലക്ഷത്തോളം പേര്‍ക്ക് വീട് നഷ‌്ടമായിരുന്നു. ഇക്കാര്യം അറിയിച്ച് എം.ഡി.എം.കെ പ്രവർത്തകരും പ്രകടനം നടത്തി.
തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിൽ 13 പേർ വെടിയേറ്റു മരിച്ചപ്പോൾ പ്രധാനമന്ത്രി എവിടെയായിരുന്നെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. കാവേരി പ്രശ്നം വന്നപ്പോൾ മോദി കർണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരിട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും മോദിക്കെതിരെ ഹാഷ്ടാഗ് ക്യാംപയിനും സജീവമായി.
#GoBackModi
‘ഗോ ബാക്ക് മോദി’ എന്ന പേരിലുള്ള ഹാഷ്ടാഗ് ക്യാംപയിൻ ആണു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പ്രധാനമന്ത്രിക്കെതിരെ ആയിരക്കണക്കിന‌് ട്വീറ്റുകൾ ഒന്നിച്ച് വന്നതോടെ ‘ഗോ ബാക്ക് മോദി’ ഹാഷ‌്ടാഗ‌് ട്രെൻഡിങിൽ ഒന്നാമതെത്തി. അതെ സമയം, മോദിക്കു മധുരയിലേക്കു സ്വാഗതമെന്ന പേരില്‍ മോദി അനുകൂലികളുടെ ഹാഷ്ടാഗ് ക്യാംപെയ്നും ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.
#GoBackModi
നേരത്തെ മോദിക്കെതിരെയുള്ള ഗോ ബാക്ക് വിളിയുടെ കാരണം വെളിപ്പെടുത്തി എഴുത്തുകാരി മീന കന്ദസാമി രംഗത്ത് വന്നിരുന്നു. സാമ്രാജ്യത്വത്തിന്റെ പാദസേവകനായതിനാല്‍, കോമ്ബ്രദോര്‍ ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുന്നതിനാല്‍, ഫാസിസ്റ്റ് ജംഗിള്‍ രാജുമായി മുന്നോട്ടുപോകുന്നതിനാല്‍, ബ്രാഹ്മിണ്‍ ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍, സവര്‍ണജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനാല്‍, കാവേരി വെള്ളം തമിഴ്‌നാടിന് നിഷേധിച്ചതിനാല്‍, ഏഴ് തമിഴരെ ജയിലിലടച്ചതിനാല്‍, സ്റ്റെര്‍ലൈറ്റ് കൊലപാതകങ്ങള്‍ നടത്തിയതിനാല്‍ എന്നിങ്ങനെ കാരണങ്ങള്‍ നിരത്തിയാണ് മീന കന്ദസാമി ട്വീറ്റ് ചെയ്തത്.
#GoBackModi
12-ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിനു പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതും ട്വിറ്ററിലെ ഗോ ബാക് മോദി പ്രതിഷേധത്തിനുള്ള കാരണമാണ്. കഴിഞ്ഞ വർഷം മോദി ചെന്നൈയിലെത്തിയപ്പോഴും മോദിക്കെതിരെ സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ചെന്നൈയിൽ മോദി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് പ്രതിപക്ഷ സംഘടനകള്‍ അന്ന് പ്രതിഷേധം ഉയര്‍ത്തിയത്. ഇതേത്തുടർന്ന് റോഡ് മാര്‍ഗം സഞ്ചരിക്കാതെ ഹെലിക്കോപ്റ്ററിലാണ് മോദി യാത്ര നടത്തിയത്.
#GoBackModi
കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ അതേ രീതിയില്‍ ഇത്തവണയും ആവര്‍ത്തിക്കുകയാണുണ്ടായത്. ഇത്തവണ പക്ഷെ തമിഴ് നാട്ടിലെ സാഹചര്യം കുറച്ചുകൂടി പ്രാധാന്യം അർഹിക്കുന്നുണ്ട്. സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
തമിഴ‌്നാടിനെ കൂടാതെ കേരളത്തിൽനിന്നും കർണാടകയിൽ നിന്നുമുള്ള ജനങ്ങളും ഹാഷ‌്ടാഗ‌് ക്യാമ്പയ‌്നിൽ പങ്കെടുക്കുന്നുണ്ട‌്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ മോദിക്ക് സമാനമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ‘മോദി ഗോ ബാക്ക്’ എന്ന് പ്ലക്കാര്‍ഡ് എഴുതി വെച്ചാണ് അന്ന് സ്വന്തം രാഷ്ട്രത്തിന്റെ തലവനെ ലണ്ടനിലെ ഇന്ത്യക്കാര്‍ വരവേറ്റത്.
#GoBackModi
അതേസമയം, മധുരയിൽ പൊതുജനസമ്മേളനത്തോടെ ആരംഭിച്ച ചടങ്ങില്‍ എ ഐ ഐ എം എസിനു മോദി തറക്കല്ലിട്ടു. രാജാജി, തഞ്ചാവൂർ, തിരുനെൽവേലി മെഡിക്കൽ കോളജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. കേന്ദ്രത്തിന്റെ മോദി കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഫലം ഇതുവരെ തമിഴ്നാട്ടിലെ 89,000 പേർക്കു ലഭിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ആയുഷ്മാൻ ഭാരത് യോജനയ്ക്കു കീഴെ നിലവിൽ തമിഴ്‌നാട്ടിൽ നിന്ന് 1.57 കോടി പേരുണ്ട്. ഇവരുടെ ചികിത്സയ്ക്കായി 200 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ബി ജെ പി സർക്കാരിന്റെ കാലത്ത്. ഇക്കഴിഞ്ഞ നാലര വർഷത്തിനിടെ 30 ശതമാനം മെഡിക്കൽ സീറ്റുകള്‍ അധികമായി അനുവദിച്ചെന്നും മോദി പറഞ്ഞു.