Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി:

നാഷണല്‍ ദലിത് മൂവ്മെന്‍റ് ഫോര്‍ ജസ്റ്റിസും നാഷണല്‍ സെന്‍റര്‍ ഫോര്‍ ദലിത് ഹ്യൂമണ്‍ റൈറ്റ്സും സംയുക്തമായി ‘ജാതിയുടെ നിഴലിലെ നീതിനിര്‍വഹണം’ എന്ന പേരില്‍ പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് മാത്രം മൂന്നിൽ ഒന്ന് വിചാരണത്തടവുകാരുണ്ടെന്ന് വിവരങ്ങൾ. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വിവരങ്ങള്‍ അധികരിച്ചാണ് പ്രധാനമായും പഠനം നടന്നത്. ജനസംഖ്യ ആനുപാതികമായി നോക്കിയാല്‍ ഇതു വളരെ കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

ഇരുപത്തിനാലു ശതമാനം മാത്രം ജനസംഖ്യ ഉള്ള ദലിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയിലെ വിചാരണത്തടവുകാരുടെ 34 ശതമാനവും എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അസം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും മോശം എന്നും പഠനത്തില്‍ പറയുന്നുണ്ട്. തമിഴ്നാട്ടില്‍ 21 ശതമാനം ദലിത് ആദിവാസി ജനസംഖ്യ ഉള്ളപ്പോള്‍ വിചാരണത്തടവുകാരുടെ ശതമാനക്കണക്ക് 38 ആണെന്ന് പഠനം ചൂണ്ടി കാണിക്കുന്നു.

ഇക്കാര്യങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ദലിത് ആദിവാസി വിഭാഗങ്ങളെ നിരന്തരം വേട്ടയാടുന്നതിന്റെയും ഇരയാക്കുന്നതിന്റെയും തെളിവുകളിലേക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികജാതി–വർഗ പീഡനവിരുദ്ധ നിയമപ്രകാരം ആരെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്‌താല്‍ പരാതി നല്‍കിയ ആള്‍ക്കെതിരെ കൌണ്ടര്‍ കേസ് ഉണ്ടാവുന്നതായും പരാതി നല്‍കുന്ന ആൾ തന്നെ അറസ്റ്റ് ചെയ്യപ്പെടുന്ന സംഭവങ്ങളും ഉണ്ടായതായി പഠനത്തില്‍ പറയുന്നുണ്ട്. പട്ടികജാതി–വർഗ പീഡനവിരുദ്ധ നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതി വിധി ദുരുപയോഗം ചെയ്താണ് ഇത്തരത്തില്‍ ദലിത് ആദിവാസി വിഭാഗങ്ങളെ പീഡിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

2015 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ദലിതരും ആദിവാസികളും മുസ്ലീമുകളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നാണ് 55 ശതമാനം വിചാരണത്തടവുകാരും ഉള്ളത് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

2011 ലെ സെന്‍സസ് അനുസരിച്ച് 39 ശതമാനമാണ് ഈ മൂന്നു വിഭാഗങ്ങളില്‍ നിന്നുള്ള ജനസംഖ്യ വിഹിതം. ജാതിപരമായ മുന്‍വിധി ഇക്കാര്യങ്ങളില്‍ എല്ലാം തന്നെ നടപ്പിലാകുന്നതായി ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് ദലിത് ആദിവാസി വിഭാഗങ്ങളുടെ കേസുകളില്‍ കുറ്റകരമായ കാലതാമസം നേരിടുന്നതായും അകാരണമായി നീട്ടിക്കൊണ്ടു പോകുന്നതായും പറയുന്നുണ്ട്.

കേസന്വേഷണത്തിലും ചാര്‍ജ് ഷീറ്റ് നല്‍കുന്നതിലും ഈ കാല താമസം നേരിടുന്നതായി പറയുന്ന റിപ്പോര്‍ട്ടില്‍ ഏതു കാര്യത്തിനാണ് തങ്ങള്‍ ജയിലിലടക്കപ്പെട്ടത് എന്ന് അറിവില്ലാത്തവര്‍ വരെ ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പത്തു വർഷം മുൻപത്തെ മോഷണക്കേസിൽ ആദിവാസി യുവാവിനെ ആളു മാറി റിമാൻഡ് ചെയ്ത ഒരു സംഭവം 2018 ഒക്ടോബറില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പന്‍തോട് ആദിവാസി കോളനിയിലെ ചന്ദ്രനെയാണു ഒക്ടോബര്‍ 24 നു പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചന്ദ്രനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

കളവുകേസ് പ്രതിയായ രാധാകൃഷ്ണനു പകരമാണ് നിരപരാധിയായ കാഞ്ഞിരത്തിൽ ചന്ദ്രനെ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസിലെ യഥാര്‍ത്ഥ പ്രതി മറ്റൊരു ആദിവാസി കോളനിയിലെ രാധാകൃഷ്ണനാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. നാട്ടുകാർ പറഞ്ഞതനുസരിച്ചാണു കസ്റ്റഡിയിലെടുത്തതെന്നാണു പോലീസ് പറഞ്ഞത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പോലീസിന്‍റെയും ഭരണകൂടത്തിന്‍റെയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *