കാസര്‍കോട്:
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും 2019 ജനുവരി 30 മുതൽ സെക്രട്ടറിയേറ്റ് പടിക്കലിൽ വീണ്ടും അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുന്നു.
2012 ലും 2013 ലും 2014 ലും 2016 ലും നടത്തിയ സമരത്തെ തുടർന്ന് സർക്കാർ ഒപ്പുവെച്ച കരാർ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ അമ്മമാരും സാമൂഹ്യ പ്രവര്‍ത്തകരും പട്ടിണി സമരത്തിനൊരുങ്ങുന്നത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള അനുകൂല്യങ്ങൾ പട്ടികയിലുള്ള മുഴുവന്‍ ദുരിതബാധിതര്‍ക്കും ഉടന്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ സെക്രട്ടറേയറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ദുരിതബാധിതരുടെ കടങ്ങൾ എഴുതി തള്ളുന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം മാറ്റിവെച്ചു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് ഇപ്പോള്‍ വീണ്ടും പട്ടിണി സമരത്തിന് ഒരുങ്ങുന്നത്.
പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ പെടുത്തുക, ആവശ്യമായ ചികിത്സ ജില്ലയിൽ തന്നെ നൽകാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പുതിയ ആവശ്യങ്ങള്‍. 2017 ൽ മെഡിക്കൽ ക്യാമ്പ് നടത്തിയപ്പോൾ 3888 രോഗബാധിതർ ക്യാംമ്പിൽ പങ്കെടുത്തിരുന്നു. ഇതില്‍ 287 പേരെ മാത്രമാണ് ലിസ്റ്റിൽ ജില്ലാ ഭരണകൂടം ഉൾപ്പെടുത്തിയത്.
ദുരന്തബാധിതരായ അമ്മമാരുടെ പ്രതിഷേധത്തെ തുടർന്ന് 77 പേരെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താൻ തയ്യാറായെങ്കിലും അർഹരായ 1532 പേർ ഇപ്പോഴും ലിസ്റ്റിനു പുറത്താണ് എന്നാണ് ഇവരെയും കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്നതാണ് പുതിയ ആവശ്യമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016 ജനുവരി 26 നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ ‘അനിശ്ചിതകാല പട്ടിണിസമരം’ നടത്തിയിരുന്നു.
സി പി ഐ എമ്മും സി പി ഐയും ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ അന്ന് സമരത്തിന് പിന്തുണയുമായി എത്തി. സമരത്തിന് എല്ലാവിധ സഹായങ്ങളുമായി അവർ ഒപ്പമുണ്ടായിരുന്നു. 9 ദിവസം നീണ്ട സമരത്തിനൊടുവില്‍ കരാര്‍ വ്യസ്ഥകള്‍ നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതോടെയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
2017-18 ബജറ്റിൽ 10 കോടി രൂപ മാത്രമാണ് സർക്കാർ വകയിരുത്തിയത്. 2018- 19 ബജറ്റിൽ എൻഡോസൾഫാൻ ദുരന്തബാധിതരുടെ അമ്പതിനായിരത്തിൽ താഴെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതിനും സഹായങ്ങൾക്കും 50 കോടി വകയിരുത്തിയിരുന്നു. എന്നാൽ ഈ തുകയിൽ 1.5 കോടി രൂപ മാത്രമാണ് ഇതുവരെ സർക്കാർ ചെലവാക്കിയിട്ടുള്ളത്.
ദുരിത ബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാൻ നടപടി എടുത്തു എന്ന് പറയുന്ന സര്‍ക്കാര്‍ മുഴുവൻ ദുരിതബാധിതർക്കും അഞ്ചുലക്ഷം രൂപയും ആജീവനാന്തചികിത്സയും നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച യോഗത്തില്‍ മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. അംബികാസുതൻ മാങ്ങാട്, പി. മുരളിധരൻ, പ്രേമചന്ദ്രൻ ചോമ്പാല, കെ. ചന്ദ്രാവതി, നളിനി, ജമീല, ഗോവിന്ദൻ കയ്യൂർ, സുബൈർ പടുപ്പ്, മുകുന്ദകുമാർ, മിസിരിയ, ഷൈനി, സിബി അലക്‌സ്, ശിവകുമാർ, ഗീത ജോണി, അഖിലകുമാരി. ശശിധര ബെള്ളൂർ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അബ്ദുൾ കാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.