Wed. Nov 6th, 2024

 

“ആർത്തവത്തെ കുത്തിപ്പൊക്കുന്നത് ഹിന്ദുസ്ത്രീകളെ മാത്രം ഉന്നം വച്ച് അവരെ അപമാനിക്കാനല്ലേ, ആ വഴിക്ക് ഹിന്ദുക്കളെ അപമാനിക്കാനല്ലേ” എന്നൊക്കെ കേരളത്തിലെ സവർണ്ണസ്ത്രീസംസ്കാരത്തിനുള്ളിൽ ജീവിക്കുന്നവരായ ഉന്നതബിരുദധാരിണികൾ ചോദിക്കുന്നു. ഈ വാക്കുപോലും കേരളത്തിലെ സ്ത്രീകൾ ഉപയോഗിക്കാറില്ല, പിന്നെ എന്തിനാണ് അതുപയോഗിച്ചുള്ള പ്രചരണമെന്നും.

ആരും അധികം ഉപയോഗിക്കാത്ത വാക്കാണ്, അതുകൊണ്ട് നാം അതിനെ ചർച്ച ചെയ്യേണ്ടതില്ല എന്ന വാദം യുക്തിസഹമല്ല. കേരളത്തിൽ എഞ്ചിനിയറിംഗും മെഡിസിനും പഠിച്ച ഉന്നതബിരുദധാരിണികൾ അങ്ങനെ വാദിക്കുന്നുണ്ടെങ്കിൽ അവർ പഠനത്തിലൂടെ നേടിയെടുത്ത ചിന്താശക്തിയല്ല അവിടെ പ്രാവർത്തികമാകുന്നത്. മറിച്ച് നാമജപരാഷ്ട്രീയക്കാർ സൃഷ്ടിച്ച ചിന്താശൂന്യതയുടെ പൊതു അന്തരീക്ഷം അവരെയും ബാധിച്ചതാണെന്നുവേണം കരുതാൻ. ശരിയാണ്, ആർത്തവം എന്ന വാക്ക് സാമാന്യഭാഷയിൽ പരിചിതമല്ലായിരിക്കാം. എന്നാൽ ആ കാരണം കൊണ്ട് അതു വർജ്യമാകുന്നില്ല. തീണ്ടാരി പരിചിതപദമായതുകൊണ്ട് അത് സ്വീകാര്യവും ആകുന്നില്ല. കാരണം പദങ്ങൾ നൽകുന്ന അർത്ഥസൂചനകളാണ് സ്വീകാര്യതയുടെ അളവുകോൽ ആകേണ്ടത്. കേട്ടുപരിചയത്തിന് രണ്ടാം പ്രാധാന്യം മാത്രമേ കല്പിക്കാനാകൂ. ഒരുകാലത്ത് നായർസ്ത്രീയെ കുറിക്കാൻ ഉപയോഗിച്ചിരുന്ന പരിചിതപദം അച്ചി എന്നതായിരുന്നു. പരിചിതമാണെന്ന ന്യായത്തിൽ അതു മതി എന്നു പറയാനാവില്ലല്ലോ. തീണ്ടാരിയെന്നത് അസ്പൃശ്യതയെ ഊന്നിപ്പറയുന്ന പദമാണ്. ആർത്തവമെന്ന പദമാകട്ടെ, ഋതുചക്രത്തെയാണ് സൂചിപ്പിക്കുന്നത്. കൃത്യമായ വിവരണപദമാണ് ആർത്തവം. നാമജപബുദ്ധിശൂന്യതയെ ഉപേക്ഷിച്ചാൽ തിരിച്ചറിയാൻ പ്രയാസമില്ലാത്ത കാര്യം.

ഇനി ആദ്യത്തെ ചോദ്യത്തെ പറ്റി ഞാൻ മറ്റൊരു ചോദ്യം ഉന്നയിക്കട്ടെ. കേരളത്തിലെ ഉന്നതബിരുദധാരിണികളടക്കമുള്ള സവർണ്ണതാവാദികൾക്ക് ഋതുവാകുന്ന പ്രക്രിയയെപ്പറ്റി പൊതുചർച്ച അരുതെന്നു ശക്തമായി തോന്നുന്നതെന്തുകൊണ്ട്? നവോത്ഥാനമൂല്യങ്ങൾ കൊണ്ട് എന്നാണ് എന്റെ ഉത്തരം! ഇടതരും വലതരും വ്യത്യസ്തകാരണങ്ങളാൽ ഇതുകേട്ട് ഞെട്ടും.

പക്ഷേ ഈ സംഗതി തെളിയിക്കാവുന്ന സത്യമാണ്. പത്തൊൻപതാം നൂറ്റാണ്ടിലും അതിനു ശേഷമുള്ള ആദ്യത്തെ നാലു ദശകങ്ങളിലെങ്കിലും, പല സ്ഥലങ്ങളിൽ അതിനു ശേഷവും, കേരളത്തിലെ സവർണ്ണർക്കിടയിൽ, പല അവർണ്ണർക്കുമിടയിൽ, പെൺകുട്ടി വയസ്സറിയിക്കുന്നത് രഹസ്യമായി വയ്ക്കേണ്ടുന്ന കാര്യമായിരുന്നില്ല. നേരെ മറിച്ച്, അതു പരസ്യമാക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമായ കാര്യമായിരുന്നു. തെരണ്ടുകല്യാണം, തെരണ്ടുകുളി എന്നത് പക്ഷേ പലപ്പോഴും വളരെ ചെലവേറിയ കാര്യമായതു കൊണ്ടും, ബ്രാഹ്മണദാസ്യത്തെ സൂചിപ്പിക്കുന്ന ചടങ്ങുകൾ അതോടനുബന്ധിച്ചു നടത്തിയിരുന്നതുകൊണ്ടും ശൂദ്രസമുദായപരിഷ്ക്കർത്താക്കളായ പുരുഷന്മാരും ജാതിവിരുദ്ധമനീഷികളും ഒരുപോലെ ആ വിധ ആഘോഷങ്ങളും പരസ്യപ്പെടുത്തലും വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

എന്നാൽ ലൈംഗികപക്വത വന്ന സ്ത്രീശരീരത്തെപ്പറ്റി സംസാരിക്കുന്നതു തന്നെ അശ്ളീലമായി മാറിയത് കേവലം ബ്രാഹ്മണമേധാവിത്തവിരുദ്ധവികാരം കൊണ്ടു മാത്രമായിരുന്നില്ല. നവോത്ഥാനമൂല്യങ്ങൾ ആണിനും പെണ്ണിനും ഒരുപോലെ ആയിരുന്നില്ല – സ്ത്രീ-പുരുഷഭേദം പ്രകൃതിനിർണ്ണിതമാണെന്നും, അതിനാൽ അചഞ്ചലമാണെന്നുമുള്ള ധാരണയ്ക്കു പുറമെ സ്ത്രീശരീരം പാപകരമാണെന്ന വിക്ടോറിയൻ ധാരണയും അവയുടെ അവിഭാജ്യഭാഗമായിരുന്നു. സ്ത്രീശരീരത്തിന്റെ ലൈംഗികപക്വതയെപ്പറ്റിയുള്ള പൊതുസംസാരം അതിന്റെ പാപസാദ്ധ്യതയെ വർദ്ധിപ്പിക്കുമെന്ന ഭീതിയാണ് ആർത്തവം പൊതുചർച്ചാവിഷയമാകേണ്ടതില്ലെന്ന തീർപ്പിൽ കലാശിച്ചത്. ഈ മടി 19-ാം നൂറ്റാണ്ടിൽ കുറവായിരുന്നു. 1898ൽ സ്ത്രീവിദ്യാഭ്യാസത്തെ പൂർണ്ണമായും എതിർത്തുകൊണ്ട് പ്രത്യക്ഷപ്പെട്ട ഒരു ലേഖനം സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുന്നതുകൊണ്ട് അവർക്ക് അധമനില മാത്രമേ കല്പിക്കാനാവൂ, അതിനാൽ വിദ്യാഭ്യാസം അവർക്കാവശ്യമല്ല എന്നു വാദിച്ചപ്പോൾ അതിനെ വിമർശിച്ചുകൊണ്ട് അന്നത്തെ ഒരു പ്രസിദ്ധീകരണത്തിൽ എൻ ഏ അമ്മ എന്ന ലേഖിക ഇതിനുത്തരം പറയുകതന്നെ ചെയ്തു. ആർത്തവമെന്നാൽ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന പ്രക്രിയ ആണെന്ന് അവർ ചൂണ്ടിക്കാട്ടി. മാലിന്യം കൃത്യമായി പുറത്തേയ്ക്കു കളയുന്ന ശരീരം അധമമാകുന്നതെങ്ങനെ എന്നുമാണ് അവർ ചോദിച്ചത്. ആർത്തവത്തെക്കുറിച്ച് പരസ്യമായി ചർചചെയ്യുന്നത് തന്നെ അശ്ളീലമായിക്കഴിഞ്ഞിരുന്നില്ല അന്ന്. (ഈ ലേഖനം ഞാൻ സമാഹരിച്ച് കേരളശാസ്ത്രസാഹിത്യപരിഷത് പ്രസിദ്ധീകരിച്ച കല്പനയുടെ മാറ്റൊലി എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്)

എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോഴേക്കും അതങ്ങനെയായിത്തീർന്നു. അതായത് സ്ത്രീശരീരത്തിന്റെ ഋതുചക്രത്തെ ഒരു സാധാരണ മനുഷ്യപ്രതിഭാസമായി കാണുക, അതിനെക്കുറിച്ച് തുറന്നു സംസാരിക്കുക, ഇതെല്ലാം അനാവശ്യമാണെന്നു തീർപ്പുകല്പിച്ചത് നവോത്ഥാനനായകർ തന്നെയാണ്. അപ്പോഴേക്കും സ്ത്രീശരീരം ലൈംഗികാസക്തിയുടെ ഉറവിടമാണെന്നും അതു പാപകരവുമാണെന്നുമുള്ള വിക്ടോറിയൻ ധാരണയ്ക്ക് നവോത്ഥാനത്തിലൂടെ സാധുത കൈവന്നു കഴിഞ്ഞിരുന്നു. ബ്രിട്ടനിൽ നിന്ന് ഇവിടെയെത്തിയ വിക്ടോറിയൻ ലിംഗമൂല്യങ്ങൾ നിർവചിച്ച ആധുനികതയുടെ അളവുകോലുകളിലൂടെ കേരളത്തിലെ ഉന്നതജാതിസംസ്കാരങ്ങളെയും അവയുടെ ലിംഗമൂല്യങ്ങളെയും പരിഷ്ക്കരിച്ച് പുനഃസ്വീകരിക്കുന്ന പ്രക്രിയകളായിരുന്നു ആ സമുദായങ്ങളിൽ ഉയിർകൊണ്ട സമുദായപരിഷ്ക്കരണ ഉദ്യമങ്ങൾ. വിക്ടോറിയൻ അളവുകോലനുസരിച്ച്, സ്ത്രീശരീരത്തിന്റെ അശുദ്ധിയെപ്പറ്റി ഇവിടെ നിലവിൽ ഉണ്ടായിരുന്ന ധാരണകൾ നേരിട്ട് എതിർക്കപ്പെടേണ്ടവ അല്ലായിരുന്നു. മറിച്ച് വിക്ടോറിയൻ സ്ത്രീശരീരവിരോധത്തിന്റെ വ്യവസ്ഥകൾക്കുള്ളിൽ ചർച്ച കൂടാതെ തുടരേണ്ടവയായി അവ എണ്ണപ്പെട്ടു.

എന്നാൽ ഇതേ കാലത്ത് സ്ത്രീകൾ കുടുംബത്തിനുള്ളിൽ വഹിക്കേണ്ട ഉത്തരവാദിത്വങ്ങളുടെ സ്വഭാവവും ജോലിഭാരത്തിന്റെ അളവും കൂടി. അതനുസരിച്ച് വീട്ടുജോലി ചെയ്യേണ്ടതായ സ്ത്രീകളുടെ ശാരീരികാശുദ്ധിയെപ്പറ്റിയുള്ള ധാരണകളുടെ രൂക്ഷത ക്രമേണ കുറഞ്ഞു. അണുകുടുംബത്തിലേക്കുള്ള മാറ്റമനുസരിച്ച് (സവർണ്ണ) സ്ത്രീയുടെ മാറിയിരിക്കലിന്റെ സ്വഭാവം മാറി (എന്നാൽ പതിത-നീചജാതിക്കാരായി ഇടിച്ചുതാഴ്ത്തപ്പെട്ട സ്ത്രീകൾക്ക് ഈ മാറിയിരിക്കലൊന്നും മേൽജാതിമർദ്ദകർ കല്പിച്ചിരുന്നില്ല എന്നും ഓർക്കുക. അവർ ആധുനികതയിലും അതിനു മുൻപും തീരാവേല ചെയ്യേണ്ടവരായി കാണപ്പെട്ടിരുന്നുവെന്നത് ഇന്നത്തെ ആർത്തവ ചർച്ചയെപ്പറ്റി വ്യാകുലപ്പെടുന്ന സവർണ്ണതാവാദികൾ തിരിച്ചറിയുക തന്നെ വേണം.) ക്രമേണ അത് സവർണ്ണകുടുംബങ്ങളിൽ തന്നെ അധികപക്ഷവും ഇല്ലാതാവുകയും ചെയ്തു. കുടുംബത്തിന്റെ സാമൂഹ്യധർമം തന്നെ മാറിയതോടെ എത്ര വിഷമം പിടിച്ച ആർത്തവമായാലും സ്ത്രീ വീട്ടിലും പുറത്തും യാതൊരു വ്യത്യാസവുമില്ലാതെ ജോലി ചെയ്തുകൊള്ളണമെന്നുമുള്ള ഇന്നത്തെ തീരുമാനം ഉറച്ചു. സവർണ്ണ കുടുംബത്തിനുള്ളിൽ ദൈവീകപ്രതിഷ്ഠയും ആരാധനയും കുറഞ്ഞതോടെ ആർത്തവാശുദ്ധിസങ്കല്പം ക്ഷേത്രങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടു.

അതായത്, ആർത്തവ ആചരണം സമൂഹം മാറിയതനുസരിച്ച് മാറി. അല്ലാതെ മാറ്റമില്ലാതെ നിലനിന്ന ഹൈന്ദവ ആചാരമൊന്നുമായിരുന്നില്ല അത്. എന്നാൽ ഈ മാറ്റം നിശബ്ദമായാണ് നടന്നത്. നിശബ്ദമായി നടക്കുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സമൂഹത്തിന്റെ നന്മയിൽ കലാശിക്കുന്നവ ആകണമെന്നില്ല. പലപ്പോഴും അവ അധികാരിവർഗത്തിനാണ് ഉതകുക. പ്രത്യേകിച്ചും, ഏതു വിഭാഗത്തെയാണോ അവ ബാധിക്കുന്നത്, അവരുടെ നിശബ്ദത ആവശ്യപ്പെടുന്ന തരം സാമൂഹ്യമാറ്റങ്ങൾ തികച്ചും സംശയകരങ്ങളാണ്.

കേരളീയപശ്ചാത്തലത്തിൽ ആർത്തവത്തെക്കുറിച്ചുള്ള നിശബ്ദത സ്ത്രീകൾ വഹിക്കേണ്ടി വന്ന വർദ്ധിച്ച വീട്ടുത്തരവാദിത്വങ്ങളെയും വീട്ടുവേലകളെയും പറ്റിയുള്ള നിശബ്ദത കൂടിയായിരുന്നുവെന്നും, അത് നവോത്ഥാനനിശ്ശബ്ദതയാണെന്നും നാമജപക്കാരും മതിൽഫാൻസും ഒരുപോലെ ഓർക്കുന്നത് നന്ന്.
ചുരുക്കിപ്പറഞ്ഞാൽ, ആർത്തവകാലത്ത് സ്ത്രീകൾ ജോലിയെടുക്കുന്നതിനെപ്പറ്റിയും അവരുടെ ശരീരത്തിന് ആ സമയത്തുണ്ടാകുന്നതായി കരുതപ്പെടുന്ന ആർത്തവകാല അശുദ്ധിയെപ്പറ്റിയും കാര്യമായ ചർച്ചയൊന്നും ഈ നാട്ടിൽ ഉണ്ടായില്ല. ആർത്തവം തുടങ്ങിയ പെൺകുട്ടിയെ വീട്ടിലിട്ടടയ്ക്കണമെന്നുള്ള ബ്രാഹ്മണനിയമത്തെ ചോദ്യം ചെയ്യുന്ന ഋതുമതി പോലുള്ള നാടകങ്ങളുണ്ടായെങ്കിലും ആർത്തവകാലത്ത് സ്ത്രീശരീരത്തിനു കല്പിക്കപ്പെട്ട അശുദ്ധി, ആ സമയത്ത് സ്ത്രീയെ മാറ്റിയിരുത്തുന്ന രീതി, ഇതൊക്കെ ഇതൊന്നും കാര്യമായി ചർച്ചചെയ്യപ്പെട്ടില്ല. എന്നാൽ സാമൂഹ്യമാറ്റത്തിനൊപ്പം കുടുംബരൂപവും അതു നിർവഹിച്ച സാമൂഹ്യധർമ്മങ്ങളും മാറിയതോടെ ആർത്തവാശുദ്ധിയുടെ ആചരണതീവ്രത കുടുംബത്തിനുള്ളിൽ കുറഞ്ഞു. ക്രമേണ അത് ക്ഷേത്രത്തിൽ പോകാതെയും വീട്ടിൽ വിളക്കുവയ്ക്കാതെയും, ചില യാഥാസ്ഥിതിക വീടുകളിൽ പാൽപ്പാത്രം, അരിക്കലം മുതലായവ തൊടാതെയും ഇരിക്കുന്നതായി ചുരുങ്ങി.

ആർത്തവസമയത്ത് മാറിയിരിക്കുന്നതിന് ആധുനികമായ ഒരു വിശദീകരണം നൽകാൻ ഇടയ്ക്കിടെ ശ്രമം 1950 കളിലെ ലിംഗ വ്യവഹാരങ്ങൾ മുതൽ നടന്നുവന്നിട്ടുണ്ട്. അതായത്, സ്ത്രീകൾ ഇക്കാലത്ത് പുറത്തുമാറിയിരിക്കുന്നത് അവർക്ക് ഈ സമയത്ത് വിശ്രമം വേണ്ടതിനാലാണെന്ന ആ വാദത്തിന് ഇപ്പോൾ 70 വർഷമോ അതിലധികമോ പഴക്കമുണ്ട്. അങ്ങനെയെങ്കിൽ പഴയകാല തീണ്ടൽരീതികളുമായി അതിനിത്ര സാമ്യം ഉണ്ടായതെങ്ങനെ എന്ന ചോദ്യം ആരും പക്ഷേ ഉന്നയിച്ചു കണ്ടില്ല. എന്തായാലും സ്ത്രീകൾക്കുള്ള വിശ്രമക്കാലമാണിതെന്ന് അംഗീകരിക്കാൻ ഇവിടുത്തെ ഒരു നവോത്ഥാന-നവോത്ഥാനോത്തര പ്രമാണിമാരും (വളരെ സമീപകാലം വരെ) തയ്യാറായില്ല – കാരണം മറ്റൊന്നുമല്ല, ഈ കാലത്തോടെ കുടുംബമെന്നതു തന്നെ സ്ത്രീയുടെ അദ്ധ്വാനത്തെ കാര്യമായി ആശ്രയിക്കുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞിരുന്നു. മാസത്തിൽ അഞ്ചുദിവസം സ്ത്രീ പൂർണ്ണമായും ലീവെടുത്താൽ ആ സ്ഥാപനം നടത്താൻ വിഷമമായിരിക്കുമെന്നു കാണാനുള്ള പുരുഷാധികാരകൂർമ്മബുദ്ധി ആർത്തവത്തെപ്പറ്റിയുള്ള നവോത്ഥാനനിശ്ശബ്ദതയെ ചിരഞ്ജീവിയാക്കി.

അതുകൊണ്ട്, പ്രിയ നാമജപസഹോദരികളെ, ആർത്തവം എന്ന വാക്കു തന്നെ നിങ്ങളിൽ അറപ്പുളവാക്കിയെങ്കിൽ അതിന്റെ വേര് നിങ്ങളിലൂടെ പൂത്തുലഞ്ഞു നിൽക്കുന്ന നവോത്ഥാന സ്ത്രീശരീരവിരുദ്ധതയിലാണ്. ആർത്തവമെന്ന ശാരീരികപ്രക്രിയയുടെ യാഥാർത്ഥ്യത്തെയും പ്രാധാന്യത്തെയും, അധികാരികളെയും ഭരണകൂടത്തെയും ബോദ്ധ്യപ്പെടുത്തി തൊഴിലിടത്തും വീടുകളിലും സ്ത്രീകൾക്ക് ആവശ്യമായ മാറ്റങ്ങൾ ആവശ്യപ്പെടുക എന്ന സ്ത്രീ-അനുകൂല നിലപാടിൽ നിന്നും നിങ്ങളെ പിൻതിരിപ്പിക്കുന്നതും നിങ്ങളിൽത്തന്നെ അടിഞ്ഞുകൂടിയ നവോത്ഥാനവേരുകളുള്ള സ്ത്രീശരീരനിന്ദ തന്നെ. ഇനിയെങ്കിലും ഇതു തിരിച്ചറിയുക. സ്ത്രീശരീരം അധമമാണെന്നും ആൺ-പെൺ വ്യത്യാസം പ്രകൃതിനിർണ്ണിതമാണെന്നും, ആ ദ്വന്ദ്വത്തിനുള്ളിൽ മാത്രമേ ലിംഗവ്യത്യാസത്തെ നമുക്കു മനസിലാക്കാനാകൂ എന്നും മറ്റുമുള്ള ധാരണകളെ ആധുനിക ജീവശാസ്ത്രം കുപ്പത്തൊട്ടിയിൽ കളഞ്ഞുകഴിഞ്ഞു. മറ്റേതു കാര്യത്തിനും ശാസ്ത്രത്തെ അന്ധമായി പിൻതുണയ്ക്കുന്ന നിങ്ങൾ ഇതിൽ മാത്രം ശങ്ക പ്രകടിപ്പിക്കുന്നത് വെറും സാമൂഹ്യമുൻവിധി കൊണ്ടു മാത്രമല്ലേ? നവോത്ഥാന മനീഷികളിൽ അഗ്രഗണ്യർ – ഉദാഹരണത്തിന്, ശ്രീനാരായണഗുരു – മനുഷ്യർ തമ്മിലുള്ള ഭേദങ്ങളെ അന്നന്നത്തെ അറിവിന്റെ നിലയനുസരിച്ചു കൂടി വേണം വിലയിരുത്താനെന്നല്ലേ പറഞ്ഞത്? ആ കണക്കിന് ജീവശാസ്ത്രം ഇത്രയും മാറിയ സ്ഥിതിക്ക് നിങ്ങളുടെ മാനസിക ചക്രവാളങ്ങളും വികസിപ്പിക്കുകയല്ലേ വേണ്ടത്?

മാത്രമല്ല, ആർത്തവ അയിത്തം ഹിന്ദുക്കൾക്കു മാത്രമുള്ളതല്ല – അത് പുരുഷാധികാരപരമായ ലോകമതങ്ങളിലും സംസ്കാരങ്ങളിലും രൂക്ഷമാണ്. അതുകൊണ്ട് ആർത്തവത്തെപ്പറ്റി പരസ്യചർച്ച ഏതെങ്കിലും ഒരു മതത്തെക്കുറിച്ചല്ല – ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായതുകൊണ്ട് അതങ്ങനെയാണെന്നു പറയാനുമാവില്ല. വിക്ടോറിയൻ മൂല്യങ്ങൾ തങ്ങിനിൽക്കുന്ന പാശ്ചാത്യസാമൂഹ്യപശ്ചാത്തലത്തിലും ആർത്തവത്തെപ്പറ്റി നേരിട്ടു പറയാനുള്ള മടി ഇന്നുമുണ്ട്. അതുകൊണ്ട് ആർത്തവത്തെ സ്ത്രീശരീരത്തിന്റെ സ്വാഭാവികപ്രക്രിയയായി കാണാൻ, മനുഷ്യവർഗത്തിന്റെ പ്രജനനത്തിൽ അതിനുള്ള പ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ട് അതിനെ തൊഴിലടക്കമുള്ള പൊതുപ്രവർത്തനങ്ങളിൽ പരിഗണിക്കാൻ, അതിന്മേൽ കല്പിക്കപ്പെടുന്ന അശുദ്ധിയെ എതിർക്കാൻ നടക്കുന്ന എല്ലാ ശ്രമങ്ങളും നിങ്ങളടക്കം എല്ലാ സ്ത്രീകൾക്കും (അതായത് ദ്വാപര-ത്രേതായുഗങ്ങളിൽ കഴിയുന്നു എന്നു നടിക്കാത്തവരായ എല്ലാ സ്ത്രീകൾക്കും) ഗുണകരമാകേണ്ട, ആഗോളപ്രാധാന്യമുള്ള വലിയ സമരമാണ്. ആത്മാഭിമാനമുള്ള സ്ത്രീകൾ അതിനെ എതിർക്കുകയല്ല, അതിൽ സ്വയം പങ്കാളികളാവുകയാണ് വേണ്ടത്.

മതിൽഫാനുകളും ആർത്തവ ചർച്ചാവാദികളുമായ സഹോദരികളെ, നിങ്ങൾ നേതാക്കളായി എണ്ണുന്നവർ നിങ്ങളെ മതിൽപണിക്ക് വിനിയോഗിക്കുകയും ശേഷം ആർത്തവാശുദ്ധിവിരുദ്ധരാഷ്ട്രീയം തീവ്രവാദമാണെന്നു പറഞ്ഞ് തള്ളിക്കളയുകയും ചെയ്തതിൽ അത്ഭുതപ്പെടാൻ യാതൊന്നുമില്ല. എന്തു പറയാൻ, ശരിക്കും, അതുചെയ്ത പുരുഷാധികാരികളുടെ നിലപാടിൽ യാതൊരു ഒത്തുപൊരുത്തമില്ലായ്മയും ഇല്ല. കാരണം, സ്ത്രീശരീരത്തെപ്പറ്റിയുള്ള ചർച്ച ലൈംഗികാവയവങ്ങളെ സംബന്ധിച്ച് പാടില്ലെന്നും സ്ത്രീശരീരത്തിന്റെ ലൈംഗികസാദ്ധ്യതകളെപ്പറ്റിയുള്ള പരസ്യചർച്ചകൾക്ക് തീവ്രസ്വഭാവമുണ്ടെന്നും പറഞ്ഞത് നവോത്ഥാന നായകർ തന്നെയാണ്. പിണറായി വിജയൻ നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാൻ നിങ്ങളുടെ ശരീരങ്ങൾ ആവശ്യപ്പെട്ടപ്പോൾ ഏതൊക്കെ നവോത്ഥാനമൂല്യങ്ങൾ എന്നു തിരിച്ചു ചോദിക്കാൻ പോലും മെനക്കെടാത്തവരല്ലായിരുന്നോ നിങ്ങൾ? പിണറായി വിജയൻ അദ്ദേഹം പറഞ്ഞതു മാത്രമാണ് ചെയ്യുന്നത് -നവോത്ഥാന(പുരുഷാധികാര)മൂല്യസംരക്ഷണം.

ഹിന്ദുത്വഭീകരതയെക്കണ്ട് പിതൃമേധാവിത്വപൂരിതമെങ്കിലും ‘തമ്മിൽ ഭേദമായ’ ഇടതുകക്ഷി പറഞ്ഞതുപോലെ ചെയ്തു എന്നാണ് നിങ്ങളുടെ പ്രതികരണമെങ്കിൽ അഹോ കഷ്ടം എന്നല്ലാതെ എന്തു പറയാൻ? കാരണം ചന്തയിൽ നിരത്തി വച്ച ചക്കയും മാങ്ങയും തെരെഞ്ഞെടുക്കുന്നതു പോലുള്ള പ്രവർത്തനമല്ല ഫെമിനിസ്റ്റ് രാഷ്ട്രീയപ്രവർത്തനമെന്ന് നിങ്ങളുടെ തലമൂത്ത നേതാക്കളെങ്കിലും തിരിച്ചറിയേണ്ടിയിരുന്നു. നവോത്ഥാനമൂല്യങ്ങളിലെ സ്ത്രീവിരുദ്ധതയെ തിരിച്ചറിയാതിരിക്കുന്നിടത്തോളം അവയെപ്പിടിച്ചാണയിട്ടുകൊണ്ടുള്ള ഈ കളി ശുദ്ധ അസംബന്ധമേ ആകൂ.

 ഫെമിനിസ്റ്റ്, സാമൂഹ്യശാസ്ത്ര ഗവേഷകയാണ്

One thought on “നവോത്ഥാന മതിലുകൾക്കും നാമജപധ്വനികൾക്കും വെല്ലുവിളിയാവുന്ന ആർത്തവചർച്ചകൾ”
  1. നവോത്ഥാനത്തിന്റെ പിന്നാമ്പുറങ്ങളിൽ എന്താണ് ശരിക്കും സംഭവിച്ചത്, സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ഈ വക ചോദ്യങ്ങൾ അരുത് എന്ന അലിഖിത നിയമം ” വനിതാ മതിലിൽ ” അണി ചേർന്ന ഏവരും എന്തുകൊണ്ട് ഫലത്തിൽ ചുമന്നു നടന്നുവെന്നത് നിശിതമായ പരിശോധന അർഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *