Wed. Nov 6th, 2024

#ദിനസരികൾ 645

ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ സമരാഭാസങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടുകൂടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തി വരുന്ന നിരാഹാരസമരം ദയനീയമായി അവസാനിപ്പിക്കേണ്ട ഗതികേടിലേക്ക് ബി ജെ പിയും കൂട്ടരും എത്തിച്ചേര്‍ന്നിരിക്കുന്നു.

നിരാഹാരം കിടക്കാന്‍ മുന്‍നിരയിലുള്ള ബി ജെ പി നേതാക്കള്‍ വിസമ്മതിക്കുകയും സമരപ്പന്തലില്‍ ഇരുന്നു സഹകരിക്കാന്‍ പോലും സ്വന്തം അണികള്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനാല്‍ സമരം വേണ്ടത്ര വിജയിച്ചില്ലെന്നും അതുകൊണ്ടുതന്നെ ഞായാറാഴ്ച രാവിലെ അവസാനിപ്പിക്കുമെന്നും ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ രാത്രി സമരപ്പന്തലില്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്തൊരു പരിതാപകരമായ അവസ്ഥയാണ് ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ബി ജെ പിക്കു വന്നു ചേര്‍ന്നിരിക്കുന്നത്? ആത്മാഭിമാനമുള്ള ഒരു ബി ജെ പി പ്രവര്‍ത്തകനും ഈ ദുരവസ്ഥ സഹിക്കാന്‍ കഴിയുമെന്നു കരുതുക വയ്യ. അതുകൊണ്ടുതന്നെ സഹജീവികളുടെ ദുഖത്തില്‍ പങ്കുചേരാന്‍ ത്വരിക്കുന്ന ഒരു ഹൃദയത്തിന്റെ ഉടമയെന്ന നിലയില്‍ അവരുടെ ദുഖത്തില്‍ പങ്കു ചേരുകയും ആത്മാര്‍ത്ഥമായി വ്യസനിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യട്ടെ!

ഈ അവസരത്തില്‍ എന്തുകൊണ്ടാണ് ബി ജെ പിയേയും അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളേയും നമുക്ക് അതിജീവിക്കാന്‍ കഴിഞ്ഞത് എന്ന് ചിന്തിക്കുന്നത് അനൗചിത്യമാകില്ലെന്ന് കരുതുന്നു. എന്നു മാത്രവുമല്ല അത്തരമൊരു വിലയിരുത്തല്‍ അതിന്റെ സാമൂഹികപ്രസക്തികൊണ്ടുതന്നെ പ്രാധാന്യമുള്ളതുമാണ്. ഒന്നാമതായി ഉള്ളുറപ്പുള്ള ഈ ജനതയെ നാം അഭിവാദ്യം ചെയ്യുക. ഏകദേശം ഒന്നരനൂറ്റാണ്ടു കാലത്തോളം നാം നടത്തിയ സമരങ്ങളിലൂടെ നേടിയെടുത്ത മൂല്യങ്ങളെ അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളേയും കൃത്യമായ രീതിയില്‍ അളന്നെടുത്തത്.

ഒരു കാലത്ത് നമ്മെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ജാതീയമായ വിലക്കുകളേയും സവര്‍ണാധിപത്യങ്ങളേയും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ശബരിമലയുടെ പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കിയതോടെ സൈദ്ധാന്തികമായി സമരം തകര്‍ന്നു. പിന്നീടങ്ങോട്ട് അടിത്തറയില്ലാതെ മേല്‍പ്പുര കെട്ടുന്നതുപോലെയുള്ള ചില പ്രായോഗിക പരീക്ഷണങ്ങളായിരുന്നു നമ്മുടെ മുന്നില്‍ അഴിഞ്ഞാടിയത്.

സുപ്രീംകോടതി വിധി വന്നതോടുകൂടി അതുവരെ സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്തവര്‍ രാഷ്ട്രീയ മുതലെടുപ്പു ലക്ഷ്യം വെച്ച് നിലപാടു മാറ്റിയതോടെയാണ് ശബരിമല സമരങ്ങളുടെ ഘോഷയാത്ര പൊട്ടിപ്പുറപ്പെട്ടത്. വിശ്വാസ സംരക്ഷകരെന്ന പേരില്‍ നാട്ടില്‍ അഴിഞ്ഞാടാന്‍ ശ്രമിച്ച സംഘപരിവാരം കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെയുള്ള സമര്‍ത്ഥവും സമൃദ്ധവുമായ ആയുധമാണ് വീണു കിട്ടിയതെന്ന അമിതമായ പ്രതീക്ഷയിലായിരുന്നു. തങ്ങള്‍ക്ക് നിലയുറപ്പിക്കുവാനുള്ള പിടിവള്ളിയാണ് കോടതിവിധിയെന്ന് അവര്‍ പ്രത്യാശിച്ചു.

ഒരു കണക്കിന് ഈ അമിതമായ പ്രതീക്ഷയാണ് അവരുടെ സമരത്തിന്റെ മുനയൊടിക്കുവാന്‍ നിര്‍ണായകമായ ഒരു കാരണമായത്. ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെ ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ കഴിയാതെയും അടിക്കടി നിലപാടു മാറ്റിയും ഏതോ കൊടുംകാട്ടിലകപ്പട്ട യാത്രികനെപ്പോലെ ബി ജെ പിയുടെ നേതൃത്വം ലക്ഷ്യബോധമില്ലാതെ പെരുമാറി. നേതാക്കളായി പൊലിപ്പിച്ചു നിറുത്തിയിരുന്നവര്‍ കേവലം പൊയ്ക്കാലുകളില്‍ കെട്ടിപ്പൊക്കിയുയര്‍ത്തിയ കാമ്പില്ലാത്ത “ഉള്ളിത്തണ്ടുകള്‍” മാത്രമായിരുന്നുവെന്ന് കേരളം നേരിട്ടുകണ്ടു.

ജനതയുടെ ഇടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഈ നേതൃത്വം നാല്ക്കവലകളില്‍ അന്തിത്തല്ലുപിടിക്കുന്ന തെമ്മാടിപ്പിള്ളേരെപ്പോലെ അപഹാസ്യരായി. തലമുതിര്‍ന്ന ഒ രാജഗോപാലുമുതല്‍ പുതുതലമുറകളിലെ പാലുണ്ണികള്‍ വരെ നഗരമധ്യത്തില്‍ നഗ്നരാക്കപ്പെട്ടു. ബി ജെ പി പരാജയപ്പെടാന്‍ ഈ നേതൃത്വം അങ്ങനെ പ്രധാനപ്പെട്ട കാരണമായി.

ഈ സമരത്തിന് തുടക്കം മുതലേ ആക്രമണോത്സുകമായ മുഖം നല്കിയ രാഹുലിനെപ്പോലെയുള്ളവര്‍ പതനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. തീപ്പൊരി നേതാവ് എന്ന പേരിനുവേണ്ടി പിണറായി വിജയനെ തെറി വിളിച്ചും ജാതി പറഞ്ഞുമൊക്കെ ആളാകാന്‍ ശ്രമിച്ചവര്‍ അരങ്ങൊഴിഞ്ഞുപോകേണ്ട ദുര്‍ഗതിയുണ്ടായി. അഖിലേന്ത്യാ നേതൃത്വത്തെ കൊണ്ടു വന്ന് സമരത്തിന് പുതിയ മുഖം കൊടുക്കാനുള്ള നീക്കം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിലംപരിശാക്കിയതോടെ ചാപിള്ളയായി.

തന്ത്രിയുമായുള്ള ബന്ധം വെളിപ്പെടുത്തിയ ശ്രീധരന്‍ പിള്ളയായിരിക്കും ഒരു പക്ഷേ ഈ പതനങ്ങളുടെയൊക്കെ വേഗത വര്‍ദ്ധിപ്പിച്ചത്. സുവര്‍ണാവസരം എന്ന പ്രയോഗം കൂടി പുറത്തു വന്നതോടെ ബി ജെ പിയ്ക്ക് യാതൊരു വിധത്തിലുള്ള ഉദ്ദേശശുദ്ധിയുമില്ലെന്ന് വിശ്വാസികളും അവരുടെതന്നെ അണികളും തിരിച്ചറിഞ്ഞു. തക്കതായ ഒരു കാരണവുമില്ലാതെ അടിക്കടി പ്രഖ്യാപിച്ച ഹര്‍ത്താലുകള്‍ ജനങ്ങളെ എതിരാക്കുവാന്‍ പ്രധാന പങ്കു വഹിച്ചു. അതുപോലെ സന്നിധാനത്തു വൃദ്ധയുടെ തലയിലേക്ക് തേങ്ങയെറിഞ്ഞും വത്സന്‍ തില്ലങ്കേരിയുടെ അഴിഞ്ഞാട്ടവും സ്ത്രീകളുടെ നേര്‍ക്കുള്ള പരുഷപ്രതികരണങ്ങളും പ്രതികൂലമായി ബാധിച്ചു. പന്തിപ്പഴുതുകള്‍ ഒരുപാടു അവശേഷിപ്പിച്ചുകൊണ്ട് ബി ജെ പി ആവിഷ്കരിച്ച എല്ലാ വിധ സമരങ്ങളേയും തിരസ്കരിച്ച പൊതുജനം അവസാനമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവരുന്ന സമരത്തേയും ഇരുളിലേക്ക് ചവിട്ടി വീഴ്ത്തി.

ഈ ഘട്ടത്തില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ നാം മറക്കാതിരിക്കുക. സമരത്തിന്റെ ആദ്യദിനത്തിനു ശേഷം ഞാനിങ്ങനെ എഴുതി “പോലീസ് ശബരിമല വിഷയത്തില്‍ തുടക്കം മുതലേ ശ്ലാഘനീയമായ നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ആദ്യദിവസം തന്നെ നിലയ്ക്കലില്‍ പോലീസ് കാണിച്ച സഹനമാണ് സംഘപരിവാരത്തിന്റെ യഥാര്‍ത്ഥമുഖം എന്തെന്ന് കേരളത്തിനു മുന്നില്‍ തുറന്നു കാണിച്ചത്.

അക്രമികളുടെ അഴിഞ്ഞാട്ടമുണ്ടായിട്ടും സംയമനത്തോടെ നേരിട്ട പോലീസ് കേരളം നാളിതുവരെ കാണാത്ത തന്ത്രപരമായ നീക്കത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തി. ശബരിമലയെ മറ്റൊരു അയോധ്യയാക്കി മുതലെടുപ്പു നടത്താന്‍ ശ്രമിച്ചവരെ പോലീസിന്റെ ബുദ്ധിപരമായ നീക്കങ്ങള്‍ തടഞ്ഞു നിറുത്തി.

പ്രതിഷേധക്കാര്‍‌ക്കെതിരെ വെടിവെച്ചിട്ടായാലും സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നു വാദിക്കുന്നവര്‍ താല്പര്യ‌പ്പെടുന്നത് സംഘപരിവാരത്തിന്റെ മുന്നേറ്റമാണെന്നും അതിനൊരു കലാപവും കുറേ മരണങ്ങളും അനിവാര്യമാണെന്നും ഭരണാധികാരികള്‍ തിരിച്ചറിഞ്ഞതിന്റെ കൂടി ഫലമാണ് ശബരിമല ഇന്നും വര്‍ഗ്ഗീയവാദികളുടെ ബാലികേറാമലയായി നിലകൊള്ളുന്നത്.”

ചില ചെറിയ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പോലീസ് സ്വീകരിച്ച തന്ത്രപരമായ നീക്കങ്ങളെ അംഗീകരിക്കുക തന്നെ വേണം.

ബി ജെ പിക്കെതിരെയുണ്ടായ നീക്കങ്ങളേയും നാം മറന്നു പോകരുത്. ചരിത്രം നല്കിയ ഉറച്ച പാഠങ്ങളില്‍ നിന്നുകൊണ്ട് വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ധീരവും സത്യസന്ധവുമായ നിലപാടെടുക്കാന്‍ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിനായിയെന്നത് വിജയത്തിന്റെ പ്രധാനകാരണമാണ്.

കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് ഉറച്ച നിലപാടെടുത്തുകൊണ്ട് കേരളത്തിലുടനീളം ഒരു ഘട്ടത്തില്‍‌പ്പോലും പതറിപ്പോകാതെ പ്രചാരണം നടത്തിക്കൊണ്ട് മുന്നേറ്റങ്ങളുടെ കുന്തമുനയായി മാറിയ പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കാതെ വയ്യ. നെല്ലിനേയും പതിരിനേയും വേര്‍തിരിച്ചു മാറ്റിക്കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കേരളത്തിന്റെ സമകാലിക മുഖത്തെ പരുവപ്പെടുത്തി. മുഖാമുഖം യുദ്ധം ചെയ്ത് പുരോഗമനപക്ഷം പരാജയപ്പെടുത്തിയ ഓരോ ആശയങ്ങളും വീണ്ടും വീണ്ടും അരങ്ങിലേക്ക് തിക്കിക്കയറി വന്നുവെങ്കിലും അനുഭവങ്ങളില്‍ നിന്നുകൊണ്ട് നാം അവയെ നേരിട്ടു. ഇതിനുമുമ്പില്ലാത്ത വിധത്തില്‍ നമ്മുടെ സമൂഹം ഫില്‍ട്ടര്‍ ചെയ്യപ്പെട്ടു. പ്രതിരോധത്തിന്റെ വന്മതിലുകളെ തകര്‍ത്തുകൊണ്ട് കേരളത്തെ കീഴടക്കാന്‍ ഒരു വര്‍ഗ്ഗീയ ശക്തിയ്ക്കും കഴിയില്ലെന്നു നാം തെളിയിച്ചു. അതിന്റെയൊക്കെ തുടര്‍ച്ചയായി ശബരിമലയിലേക്ക് തെരുതെരെ യുവതികളുടെ പ്രവേശനമുണ്ടായി.

കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുടെ ദൃഢത അളന്നു പരിശോധിക്കാന്‍ ഉതകിയ കോടതി വിധിയോട് ഒരു കണക്കിന് നാം നന്ദി പറയേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ നമ്മില്‍ എത്രപേര്‍ കള്ളനാണയങ്ങളാണെന്ന് തിരിച്ചറിയുവാന്‍ കഴിഞ്ഞുവെന്നത് ചെറിയൊരു കാര്യമായി കരുതേണ്ട. നാം അതിജീവിച്ചു പോന്നത് ചെറിയൊരു പോരാട്ടത്തെയല്ല, നമ്മെ രണ്ടായി കീറിമുറിക്കുമായിരുന്ന വര്‍ഗ്ഗീയ മുന്നേറ്റത്തെയാണ് എന്ന ബോധം നമുക്ക് എല്ലാക്കാലേത്തേയ്ക്കുമുണ്ടാകണം. ആധുനിക കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളുടെ മുനയായി ഈ പാഠങ്ങള്‍ നമ്മെ നയിക്കുക തന്നെ വേണം.

 വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *