Sun. Dec 22nd, 2024

#ദിനസരികൾ 644

ചോദ്യം:- ശബരിമലയില്‍ യുവതികൾ കയറിയെന്നതിനു തെളിവായി സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റിനെ മാധ്യമങ്ങള്‍ അവിശ്വസിക്കുകയാണല്ലോ?

ഉത്തരം:- മാധ്യമങ്ങള്‍ക്കല്ല, സുപ്രീംകോടതിക്കാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയ അമ്പത്തിയൊന്ന് യുവതികളുടെ വിലാസവും ഫോണ്‍ നമ്പറുകളുമടക്കം വിശദ വിവരങ്ങള്‍ ഉള്‍‌പ്പെടുത്തിയ പട്ടിക നല്കിയത്. ആ പട്ടികയാണ് കോടതിയില്‍ നിന്നും ചുരണ്ടിയെടുത്ത് മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും പ്രചരിപ്പിക്കുന്നത്. മാത്രവുമല്ല, ലിസ്റ്റിലുള്ളവരെ വിളിക്കുകയും അവരുടെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരിക്കുന്നു.

ഇത്രയും കാലം നമ്മുടെ നാട്ടില്‍ നടന്ന കോലാഹലങ്ങളെക്കുറിച്ചു ധാരണയുള്ള ഒരാള്‍ക്ക് പത്രമാരണങ്ങളുടെ അതിവ്യഗ്രത മനസ്സിലാകും. എന്നാല്‍ സാമാന്യബോധമുള്ള ഏതെങ്കിലും ഒരു മാധ്യമം, സര്‍ക്കാര്‍ രഹസ്യമായി സമര്‍പ്പിച്ച ലിസ്റ്റെടുത്ത് കുറേ മതഭ്രാന്തന്മാരുടെ ഇടയിലേക്ക് വീശിയെറിയുമോ? പൊതുജനമധ്യത്തില്‍ ഒരമ്മയുടെ തലയിലേക്ക് അയ്യപ്പന് അഭിഷേകത്തിനു കൊണ്ടുവന്ന തേങ്ങ എറിഞ്ഞവരാണെന്ന് നാം മറക്കരുത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതു നോക്കൂ അവരുടെ വീടുകളിലേക്ക് ഭീഷണികളെത്തിയിരിക്കുന്നു. ഭയം തോന്നുന്നുവെന്ന് പലരും പ്രതികരിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ അവരില്‍ നിന്നും നിഷേധങ്ങളുണ്ടാകുന്നത് സ്വാഭാവികമല്ലേ?

ഇത്രയും വിവാദമായ ഒരു വിഷയത്തില്‍ ആവശ്യമായ തെളിവുകളില്ലാതെ വെറുതെയൊരു ലിസ്റ്റ് പരമോന്നത കോടതിയില്‍ സമര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ മുതിരുമോ? അതുകൊണ്ട് പട്ടികയെക്കുറിച്ച് പരിശോധിക്കുകയെന്നതിനെക്കാള്‍ പട്ടികയിലുള്ളവരെ ബലികൊടുക്കാതിരിക്കുക എന്നതാണ് മാധ്യമധര്‍മ്മം എന്ന തിരിച്ചറിവായിരുന്നു നമുക്കുണ്ടാകേണ്ടത്. രണ്ടുദിവസം ജനം ടിവിക്കു മുന്നില്‍ തടിച്ചു കൂടിയവരാണ് കേരളത്തിലെ ഭൂരിപക്ഷം എന്നു ചിന്തിച്ചുപോയവര്‍ക്ക് ഇനിയും തിരിച്ചറിവുണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.

ചോദ്യം:- അപ്പോള്‍ ആ ലിസ്റ്റ് പരിശോധിക്കപ്പെടേണ്ട എന്നാണോ?

ഉത്തരം :- പ്രാഥമികമായും ഈ ലിസ്റ്റ് പരിശോധിക്കേണ്ടത് കോടതിയാണ്. അതിരിക്കട്ടെ, ‘യാഥാര്‍ത്ഥ്യം’ ജനങ്ങളെ അറിയിക്കാന്‍ ബാധ്യതപ്പെട്ടവരെന്ന നിലയ്ക്ക് മാധ്യമങ്ങള്‍ക്ക് പരിശോധിക്കണമെന്നാണെങ്കില്‍ അതിങ്ങനെ പട്ടിക പരസ്യപ്പെടുത്തിക്കൊണ്ടാകരുതെന്നു മാത്രം. അവര്‍ സ്വീകരിച്ച രീതി ഒട്ടും ആരോഗ്യകരമല്ലാത്തതും സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താത്തതും സ്വകാര്യജീവിതത്തെ ബാധിക്കുന്നതുമാണ്.

ചോദ്യം:- നമ്മുടെ സമൂഹത്തില്‍ അശ്ലീല സ്വാഭാവങ്ങളും പെരുമാറ്റങ്ങളും പെരുകുന്നുവന്നാണല്ലോ വാര്‍ത്തകള്‍ പറയുന്നത്?

ഉത്തരം:- കേരളം കണ്ട മഹാപ്രളയത്തില്‍‍‌ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനെത്തിയവരോട് ജാതി ചോദിക്കുന്നതാണ് ഞാനിതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും അശ്ലീലമായിട്ടുള്ളത്. അത്തരം അശ്ലീല ഭ്രാന്തുകൾ പെരുകുക തന്നെയാണെന്നത് നമ്മെ വേദനിപ്പിക്കുന്നു.

 വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *