#ദിനസരികൾ 643
എം എന്‍ വിജയനോട് ഒരു അഭിമുഖത്തില്‍ “മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ പിണറായിക്ക് താങ്കളോടുള്ള വ്യക്തിബന്ധം. കണ്ണൂരില്‍ മാഷ് വീടു പൂട്ടാതെ താമസം മാറ്റിയപ്പോള്‍ വീടു പൂട്ടി താക്കോല്‍ കൊണ്ടുവന്ന് തന്നത് വിജയനായിരുന്നില്ലേ?” എന്നു ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇങ്ങനെ പറയുന്നു, “അതില്‍ കണ്ണൂരിന്റെ സാമൂഹ്യബോധമാണ് ഉള്ളത്. ഞാനൊരിക്കല്‍ ഡയറ്റില്‍ മീറ്റിംഗിനു പോകുമ്പോള്‍ വഴിയോരത്തെ ഒരു വീട്ടില്‍ നിന്ന് ഗൃഹനാഥന്‍ ചോദിച്ചു. എന്താ മാഷേ നിങ്ങള്‍ അതിലൂടെ പോകുന്നത്? ഈ മുറ്റം വഴി കയറിപ്പൊയ്ക്കൂടേ? നിങ്ങളെന്താ പിണക്കത്തിലാണോ? ‘പൊതുവഴിയിലൂടെ ആര്‍ക്കും നടക്കാം. അടുപ്പമുള്ളവര്‍ മുറ്റത്തുകൂടെ വരുന്നതില്‍ ഒരു സ്നേഹപ്രകടനമുണ്ട്. ഒരിക്കല്‍ വീടുപൂട്ടി രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഞാന്‍ തിരിച്ചെത്തുമ്പോള്‍ ഒരു അപരിചിതന്‍ പുറകില്‍ നിന്നും വിളിച്ചു. അവിടത്തെ ആള്‍ക്കാര്‍ യാത്ര പോയിരിക്കുകയാണ്, നിങ്ങള്‍ എന്തിനാണ് അങ്ങോട്ടു പോകുന്നതെന്നാണ് ചോദ്യം. അടുത്തുചെന്ന് ഞാന്‍ തന്നെയാണ് വീട്ടുടമസ്ഥന്‍ എന്ന് പറഞ്ഞു ധരിപ്പിക്കേണ്ടിവന്നു. അപരിചിതന്റെ വീടുകാക്കുന്ന ഈ സൂക്ഷിപ്പു സ്വഭാവം കണ്ണൂരിന്റെ ഗോത്രസ്വഭാവമാണ്. പിണറായി വിജയന്‍ കണ്ണൂരുകാരനാണ്.”
വിജയന്‍ മാഷിന്റെ മറുപടിയില്‍ സജീവ് കൃഷ്ണന്‍ എന്ന അഭിമുഖകാരന്റെ ചോദ്യത്തിനുള്ള കേവലമായ ഉത്തരം മാത്രമല്ല നമുക്കു വായിച്ചെടുക്കാനാകുക. ഒരു നാടിന്റെ സ്വഭാവസവിശേഷതകളെയാകമാനം കുറഞ്ഞ വാക്കുകളില്‍ അദ്ദേഹം വരച്ചു വെച്ചിരിക്കുന്നു. സ്നേഹിക്കപ്പെടുന്നവനോടുള്ള സ്നേഹവും കരുതലും കണ്ണൂരിന്റെ അടിസ്ഥാന സ്വഭാവമാണെന്നുള്ള പ്രഖ്യാപനം ഈ മറുപടിയിലുണ്ട്. ആ സ്നേഹത്തേയും കരുതലിനേയും ഉള്‍ക്കൊണ്ടു വന്നവരില്‍ ഈ സ്വഭാവവും വേരുപിടിച്ച് ഉണര്‍ന്നിരിക്കുന്നുവെന്ന് പിണറായി വിജയനെ മുന്‍നിർത്തി വിജയന്‍ മാസ്റ്റര്‍ പറഞ്ഞു വെക്കുന്നു. തന്റെ ശിഷ്യനായിരുന്ന ഒരാളെക്കുറിച്ചുള്ള വാത്സല്യനിര്‍ഭരമായ അഭിപ്രായപ്രകടനത്തെക്കാള്‍ ആര്‍ജ്ജവം വിജയന്‍ മാസ്റ്ററുടെ വാക്കുകളെ ആധികാരികമാക്കുന്നുണ്ട്.
വിജയന്‍ മാസ്റ്റര്‍ സൂചിപ്പിച്ചു കാവലും കരുതലും പിണറായി വിജയനില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് കേരളം നേരിട്ടു അനുഭവിക്കുന്നുണ്ട്. വെല്ലുവിളികളും ആരോപണങ്ങളും നിറഞ്ഞ സംഘടനാപ്രവര്‍ത്തനത്തിന്റെ കാലത്ത് മാധ്യമങ്ങളും എതിരാളികളും വിജയനില്‍ ചാര്‍ത്തിക്കൊടുത്ത പരിവേഷങ്ങള്‍ മാറിക്കഴിഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ പ്രളയവും സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കോലാഹലങ്ങളും പിണറായിയെ ഒരുപാടു മാറ്റിത്തീര്‍ത്തു. ശബരിമലവിഷയത്തോടുകൂടി അദ്ദേഹം ഏറെക്കുറെ ഒറ്റയാനായിരിക്കുന്നുവെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ആശയപരമായി വിജയന്‍ നേടിയെടുത്ത ഇരുത്തം കൂടെയുള്ളവരെപ്പോലും ബഹുദൂരം പിന്നിലാക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ. പഠിച്ചതും അഭ്യസിച്ചതും ഒന്ന്, എന്നാല്‍ കളത്തില്‍ നിറഞ്ഞാടാന്‍ കൂടെപ്പഠിച്ചവരില്‍ ഏറെപ്പേരില്ലെന്നതു മാത്രമായിരിക്കും പിണറായി വിജയനെ അലട്ടുന്ന ഒരേയൊരു സന്ദേഹം.
വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി