മുംബൈ:
ഡാൻസ്ബാറുകളുടെ കാര്യത്തിൽ സുപ്രീം കോടതി, വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചു. വിധിയനുസരിച്ച് മുംബൈയിലെ ഡാൻസ് ബാറുകൾക്ക് ഇനി തുറന്നുപ്രവർത്തിക്കാം. 2005 ന് ശേഷം മുബൈയിൽ ഡാൻസ് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിരുന്നില്ല. മുംബൈയിലെ ബാർ, ഹോട്ടലുടമകൾ മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ നൽകിയ ഹരജിയിലാണ് സുപ്രീം കോടതി വാദം കേട്ട് വിധി പ്രസ്താവിച്ചത്.
ചില ഉപാധികളോടെയാണ് സുപ്രീം കോടതി ഡാൻസ് ബാറുകൾ വീണ്ടും പ്രവർത്തിക്കാനുള്ള അനുമതി നൽകിയത്. നോട്ടുകളും നാണയങ്ങളും നൃത്തം ചെയ്യുന്നവരുടെ നേർക്ക് എറിയാൻ പാടില്ല എന്നുള്ള നിബന്ധന സുപ്രീം കോടതി വെച്ചിട്ടുണ്ട്. നൃത്തം ചെയ്യുന്നവർക്ക് നേരിട്ട് ടിപ്പ് കൊടുക്കാം എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
2016 ൽ മഹാരാഷ്ട്ര സർക്കാർ ചില നിയമങ്ങൾ പ്രകാരം ഡാൻസ് ബാറുകൾക്ക് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വിദ്യാലയങ്ങൾക്കും ആരാധാനാലയങ്ങൾക്കും ഒരു കിലോമീറ്റർ അകലത്തിലേ ഡാൻസ് ബാറുകൾ പ്രവർത്തിക്കാവൂ എന്ന നിർദ്ദേശം റദ്ദാക്കിയ കോടതി, മുംബൈയെപ്പോലൊരു സ്ഥലത്ത് സ്ഥലപരിമിതി നിർണ്ണയിക്കുന്നത് യുക്തിയില്ലാത്ത കാര്യമാണെന്നു പറഞ്ഞു. നൃത്തം ചെയ്യാൻ ബാറുകളിൽ പ്രത്യേക ഇടം വേണം എന്നതും സുപ്രീം കോടതി റദ്ദാക്കി.
ഡാൻസ് ബാറിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ചൂഷണത്തിന് ഇരയാവാതിരിക്കാൻ വേണ്ടി അവരും ബാറുടമയും തമ്മിൽ കരാർ എഴുതിയിരിക്കണം എന്ന മഹാരാഷ്ട്ര സർക്കാരിന്റെ വ്യവസ്ഥ അതേപടി നിലനിർത്തിയിട്ടുണ്ട്. നൃത്തക്കാർക്ക് മാസവേതനം നൽകണമെന്ന നിബന്ധന സുപ്രീം കോടതി റദ്ദു ചെയ്തു.
ജസ്റ്റിസ്സുമാരായ എ കെ സിക്രി, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വൈകുന്നേരം ആറു മുതൽ രാത്രി പതിനൊന്നര വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. ബാറുകളിൽ സി സി ടി വി സ്ഥാപിക്കണമെന്നുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നിയമവും സുപ്രീം കോടതി റദാക്കി. അത് സ്വകാര്യതയെ ബാധിക്കുമെന്ന് കോടതി പറഞ്ഞു.