Fri. Nov 22nd, 2024

കൊടുവള്ളി:

വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയില്‍ കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി സ്വദേശികളായ, മുസ്ലീംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കൊടുവള്ളി തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എം.എ. റസാഖ് മാസ്റ്ററെ, വ്യക്തിഹത്യ ചെയ്‌തെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എതിർ സ്ഥാനാര്‍ത്ഥി സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന തരത്തിലായിരുന്നു പ്രചാരണം. 583 വോട്ടുകൾക്കാണ് കാരാട്ട് റസാഖ് ജയിച്ചത്. അതേസമയം, തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി കൊണ്ടുള്ള വിധിക്ക് ഉപാധിയോടെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ, കാരാട്ട് റസാഖിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് 30 ദിവസത്തേക്ക് താത്ക്കാലിക സ്റ്റേ അനുവദിച്ചത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും, കാരാട്ട് റസാഖിന് വോട്ട് ചെയ്യാനാകില്ല. ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാനാകില്ല. 30 ദിവസത്തേക്കാണ് സ്റ്റേ. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ വിധി സ്റ്റേ ചെയ്യണമെന്ന്, കാരാട്ട് റസാഖ് ആവശ്യപ്പെട്ടു. അയോഗ്യത വന്നാൽ, മണ്ഡലത്തിനു പ്രാധാന്യം നഷ്ടപ്പെടുമെന്ന വാദമാണ് കാരാട്ട് റസാഖ് ഉയർത്തിയിരിക്കുന്നത്.

മുസ്ലീം ലീഗ് നേതാവ് എം. എ. റസാഖ് ആയിരുന്നു കൊടുവള്ളിയിലെ എതിർ സ്ഥാനാർഥി. വിജയി ആയി പ്രഖ്യാപിക്കണമെന്ന എം. എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇടതു സ്വതന്ത്രനായിട്ടാണ് റസാഖ് മൽസരിച്ചത്. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലമെന്ന് അറിയപ്പെട്ടിരുന്നിടത്ത് കാരാട്ട് റസാഖിന്റെ വിജയം നേരത്തെ വലിയ ചർച്ചയായിരുന്നു.

എം.എ റസാഖ് മാസ്റ്റർ വാർഡ് മെമ്പറായിരിക്കുമ്പോൾ ഉപഭോക്താവിന്‍റെ 12,000ത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസ് ഉണ്ടായിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയും റസാഖ് തെറ്റുകാരനല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പരാതിക്കാരനായിരുന്ന ഉപഭോക്താവിനെ സമീപിച്ച് അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ വിഡിയോ പകർത്തി എം.എ റസാഖിനെ തേജോവധം നടത്തിയെന്നും മണ്ഡലം മുഴുവൻ സഞ്ചരിച്ച് പ്ലാസ്മ ടി. വിയിൽ പ്രദർശിപ്പിച്ചെന്നുമാണ് ലീഗ് നേതാവ് കെ.പി മുഹമ്മദ് വാദിച്ചത്. എൽ. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി പൊലീസ് അനുമതി നൽകിയ ജീപ്പിലാണ് ഇത്തരം പ്രചരണങ്ങൾ നടന്നത്.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായ എൻ. കെ സുരേഷ് ഈ ആരോപണം ഉന്നയിച്ച് നടത്തിയ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളും ഹരജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. കൊടുവള്ളി മണ്ഡലത്തിലെ അമ്പതോളം കേന്ദ്രങ്ങളിൽ ഈ വീഡിയോ പ്രചരിപ്പിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ രണ്ട് തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ പ്രധാന വാദങ്ങൾ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽത്തന്നെ, വീഡിയോ പ്രദർശിപ്പിക്കുന്ന വിവരം ചൂണ്ടിക്കാട്ടി യു. ഡി. എഫ് മണ്ഡലം ചെയർമാൻ എ. അരവിന്ദൻ, കോഴിക്കോട് ജില്ലാ കലക്ടർ, താമരശ്ശേരി ഡി. വൈ. എസ്. പി, കൊടുവള്ളി സി. ഐ എന്നിവർക്ക് പരാതി നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാരാട്ട് റസാഖ് 2016 ജൂൺ 16ന് നൽകിയ ഹരജികൾ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിയിരുന്നു. കൂടാതെ, കേസിൽ വിചാരണ നടക്കട്ടെയെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സ്ഥാനാര്‍ത്ഥി നിർണയം സംബന്ധിച്ച എതിർപ്പാണ് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്‍റ് ആയിരുന്ന കാരാട്ട് റസാഖിനെ എൽ. ഡി. എഫിലെത്തിച്ചത്. 573 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കാരാട്ട് റസാഖിന്റെ വിജയം. കാരാട്ട് റസാഖിന് 61033 വോട്ടും എം. എ റസാഖ് മാസ്റ്ററിന് 60460 വോട്ടും ആണ് ലഭിച്ചത്.

അതേസമയം കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. കാരാട്ട് റസാഖിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും, സുപ്രീംകോടതിയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നും പി മോഹനന്‍ പറഞ്ഞു. കേസിനുപിന്നില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയവിരോധമാണെന്നാണ് കാരാട്ട് റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹൈക്കോടതി തെറ്റിദ്ധരിച്ചതായും നിരപരാധിത്വം സുപ്രീംകോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നടപടികള്‍ എല്‍ ഡി എഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

സത്യത്തിന്റെ വിജയമാണ് കാരാട്ട് റസാഖിനെതിരായ കേസിൽ ഉണ്ടായതെന്നും, വിധി സ്വാഗതം ചെയ്യുന്നുവെന്നും, മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം. പി പ്രതികരിച്ചു. അഴീക്കോട് എം. എല്‍. എ കെ. എം ഷാജിയെ അയോഗ്യനാക്കിയ വിധി വ്യക്തത ഇല്ലാത്തതായിരുന്നുവെന്നും, കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, എം. കെ മുനീര്‍ എം. എല്‍. എയും പ്രതികരിച്ചു. ഇനി സ്പീക്കറുടെ നടപടിയാണ് ഉറ്റുനോക്കുന്നത് എന്നും മുനീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *